ഇടുക്കി കട്ടപ്പനയിൽ നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യയിൽ മൂന്ന് പേർക്ക് എതിരെ ആത്മഹത്യാപ്രേരണ വകുപ്പ് ചുമത്തി പൊലീസ്. ആത്മഹത്യാക്കുറിപ്പിൽ പേരുള്ള റൂറൽ സർവീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ, ജൂനിയർ ക്ലർക്ക് ബിനോയ് എന്നിവർക്കെതിരെയാണ് വകുപ്പ് ചുമത്തിയത്. മൂവർക്കുമെതിരെ കേസെടുക്കണമെന്ന് സാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. മൂവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തിയത്.
നേരത്തെ മൂന്നുപേരെയും സഹകരണ സംഘത്തിന്‍റെ ഡയറക്ടർ ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു. ജീവനക്കാരുടെ ഭാഗത്ത് വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇവർക്കെതിരെ നടപടിയെടുക്കണമെന്ന് സാബുവിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുറ്റവാളികളെ രക്ഷിക്കാനുള്ള സിപിഎമ്മിന്റെ നാടകമാണ് നടപടിയെന്നാണ് കോൺഗ്രസിന്റെ ആരോപണം.