ക്രിസ്മസ് ആഘോഷം നടത്തിയതിന് വിശ്വഹിന്ദ് പരിഷത്ത് പ്രവർത്തകർ അധ്യാപകരെ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് വിവാദമായ പാലക്കാട് നല്ലേപ്പിള്ളി ജി.എൽ.പി സ്കൂളിൽ വീണ്ടും ക്രിസ്മസ് ആഘോഷം. നാടക ക്യാംപിന്‍റെ ഭാഗമായാണ് കുട്ടികളും നാടകാധ്യാപകരും ചേർന്ന് ക്രിസ്മസ് ആഘോഷിച്ചത്. കാരൾ പാടിയും, കേക്ക് മുറിച്ചും, മധുരം വിതരണം ചെയ്തും ആഘോഷം വർണാഭമാക്കി.
ക്രിസ്മസ് ആഘോഷത്തിനിടെ അധ്യാപകരെ വിശ്വഹിന്ദ് പരിഷത്ത് പ്രവർത്തകർ ഭീഷണിപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. ഡിവൈഎഫ്ഐയും, യൂത്ത് കോൺഗ്രസും സൗഹൃദ കാരൾ സംഘടിപ്പിച്ച് അധ്യാപകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു.
കാരള്‍ തടഞ്ഞതില്‍ വി.എച്ച്.പിക്കോ സംഘപരിവാറിനോ പങ്കില്ലെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ 'സ്കൂളുകളില്‍ മതപരമായ ചടങ്ങുകള്‍ നടത്താമോ എന്നാണ് അന്വേഷിച്ചതെന്ന് വി.എച്ച്.പി അവകാശപ്പെട്ടു. പ്രധാന അധ്യാപിക തെറ്റ് സമ്മതിച്ചതാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നുമാണ് വി.എച്ച്.പി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നത്.