മാസ്മരികമായ സര്‍ഗവൈഭവം കൊണ്ടും മണ്ണിന്‍റെ മണമുള്ള ഭാഷകൊണ്ടും വിശ്വസാഹിത്യത്തില്‍ ഇടം നേടിയ അക്ഷര ഇതിഹാസം എം.ടി വാസുദേവന്‍ നായര്‍ക്ക് അന്ത്യ ചുംബനം നല്‍കി അമ്മ മലയാളം. രണ്ടാമൂഴമില്ലാത്ത കാലത്തേയ്ക്ക് യാത്രയായ എഴുത്തിന്‍റെ പെരുന്തച്ചന് അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങള്‍ കോഴിക്കോട്ടെ വസതിയിലേയ്ക്ക് ഒഴുകിയെത്തി. വാക്കിന്‍റെ മഹാമൗനം സിതാരയെ പൊതിഞ്ഞപ്പോള്‍ സാംസ്ക്കാരിക കേരളം തേങ്ങി. വൈകീട്ട് അഞ്ചിന് മാവൂര്‍ ശ്മശാനത്തിലാണ് എംടിയുടെ സംസ്ക്കാരം.
വരും വരാതിരിക്കില്ല. ഇന്നലെ രാത്രി പത്തുവരെ കൊട്ടാരം റോഡിലെ സിതാര എന്ന വീടും ഒാരോ മലയാളിയും പ്രതീക്ഷയോടെ മനസില്‍ പറഞ്ഞതാണ്. പക്ഷെ പ്രാര്‍ഥനകള്‍ വിഫലമായി. അവസാനയാത്രയ്ക്കായി മലയാളത്തിന്‍റെ സാഹിത്യ സുകൃതം ഒരിക്കല്‍ കൂടി സിതാരയുടെ പടികടന്നെത്തി. ചേതനയറ്റ്. എം.ടിയെ ആദ്യം കാണാനായി കൊണ്ടുവന്നത് ജീവിതപങ്കാളി സരസ്വതി ടീച്ചറെ. 'വാസുവേട്ടാ' വിളിയോടെ എന്ന വിങ്ങിപ്പൊട്ടിയുള്ള കരച്ചില്‍. കരഞ്ഞുകലങ്ങി മകള്‍ അശ്വതിയും ബന്ധുക്കളും. സദയവും താഴ്‍വാരവുമടക്കം എം.ടിയുടെ സൃഷ്ടികളിലൂടെ അഭിനയത്തിന്‍റെ വിസ്മയക്കാഴ്ച്ചകള്‍ നല്‍കിയ മോഹന്‍ലാല്‍ പുലര്‍ച്ചെയ്ക്ക് മുന്‍പേ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. വാക്കിന്‍റെ വിരാട് പുരുഷനുമുന്നില്‍ അഞ്ജലീ ബദ്ധനായി. Also Read: ‘മഴ തോർന്ന ഏകാന്തത; അദ്ദേഹം എന്‍റെ എല്ലാമായിരുന്നു എന്നുപറഞ്ഞാലും കുറഞ്ഞുപോവും’
നേരം പുലരാന്‍ തുടങ്ങിയതോടെ നിളയിലെ മണ്‍തരികള്‍പോലെ ആള്‍ക്കൂട്ടം സിതാരയിലേയ്ക്ക്. ഉള്ളില്‍ അടക്കിപ്പിടിച്ച തേങ്ങലിന്‍റെ പ്രവാഹവുമായി. പതിയെ പതിയെ വരി രൂപപ്പെട്ടു. ആള്‍ക്കൂട്ടത്തില്‍ തനിയെ നിന്ന് ഏകാകികളുടെ ശബ്ദമായവിന് കാഥികന്‍റെ പണിപ്പുരയിലെത്തി നിശബ്ദമായി യാത്രമൊഴിയേകി. പരിണയവും പഞ്ചാഗ്നിയും അടക്കം എംടിയുടെ തിരക്കഥകള്‍ക്ക് കാഴ്ച്ചകളുടെ നല്ലപാതിയായ സുഹൃത്ത് ഹരിഹരന്‍ ഹൃദയം നുറങ്ങുന്ന വേദനയോടെ വിട പറഞ്ഞു. എംടി സ്പെഷല്‍ ഇ–പേപ്പര്‍ വായിക്കാം
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സാഹിത്യസാംസ്ക്കാരികരംഗത്തെ പലതലമുറകളില്‍പ്പെട്ടവരും പ്രിയസാഹിത്യകാരന് പ്രണാമം അര്‍പ്പിച്ചു. എംടിയുടെ കഥാപാത്രങ്ങളായി പകര്‍ന്നാടിയവരുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം. തിരസ്കൃതന്‍റെയും ഒറ്റപ്പെട്ടവന്‍റെ പരാജിതന്‍റെയും എല്ലാം കഥകള്‍ സമ്മാനിച്ച. നാട്ടുഭാഷയില്‍ വിശ്വസാഹിത്യമെഴുതിയ മഹാസാഹിത്യകാരനെ സമ്മാനിച്ച കാലമേ നന്ദി. ആധുനികമലയാള സാഹിത്യത്തിന്‍റെ ഇതിഹാസത്തിന്‍റെ കാല്‍ക്കല്‍ കണ്ണാന്തളിപ്പികള്‍ അര്‍പ്പിക്കുന്നു. വിട