വിഖ്യാത എഴുത്തുകാരന്‍ എംടിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാനത്ത് രണ്ടുദിവസത്തെ ദുഃഖാചരണം തുടരുകയാണ്.
എംടിയുടെ നിര്യാണത്തോടെ സാഹിത്യലോകം ശുഷ്കമായെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുസ്മരിച്ചു. ഗ്രാമീണരചനയുടെ ജീവിതമായിരുന്നു എംടിയുടെ രചനകളില്‍ നിറഞ്ഞുനിന്നത്. എംടിയുടെ രചനകള്‍ തലമുറകളെ പ്രചോദിപ്പിക്കുമെന്ന് അനുശോചനസന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമായിരുന്നു എംടിയെന്നും നരേന്ദ്രമോദി അനുസ്മരിച്ചു. എം.ടി മലയാളത്തെ ലോകസാഹിത്യത്തിന്‍റെ നെറുകയിലെത്തിച്ച പ്രതിഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
എംടി എഴുതിവച്ച മാനുഷികവികാരങ്ങള്‍ ഇനിയും സ്വാധീനിക്കുമെന്ന് രാഹുല്‍ ഗാന്ധി. എംടി മലയാളത്തിന്‍റെ നിറവിളക്കും പുണ്യവുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ അനുസ്മരിച്ചു. കടുത്ത വിമര്‍ശനം നേരിട്ട സമയത്ത് ഇടതുപക്ഷത്തിന്‍റെ പ്രസക്തി അടയാളപ്പെടുത്തിയ സാഹിത്യകാരനാണ് എംടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.