ക്ഷേമപെന്‍ഷന്‍ വെട്ടിച്ച റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയ റവന്യൂ വകുപ്പിലെ 34 ജീവനക്കാരെയും സര്‍വ്വേ–ഭൂരേഖ വകുപ്പിലെ നാല് ജീവനക്കാരെയും സസ്പെന്‍ഡ് ചെയ്ത് റവന്യൂ അഡീഷനല്‍ സെക്രട്ടറി ഉത്തരവിറക്കി. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങളും ഇവര്‍ കൈപ്പറ്റിയ തുകയും ഉള്‍പ്പെടുത്തിയാണ് ഉത്തരവ്. പണം 18 ശതമാനം പലിശയോടെ തിരിച്ച് പിടിക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറെയും സര്‍വ്വെ–ഭൂരേഖ വകുപ്പ് ഡയറക്ടറെയും ചുമതലപ്പെടുത്തിയതായും ഉത്തരവില്‍ പറയുന്നു.
1458 സര്‍ക്കാര്‍ ജീവനക്കാര്‍ അനര്‍ഹമായി സാമൂഹ്യ പെന്‍ഷന്‍ കൈപ്പറ്റുന്നതായുള്ള ധനവകുപ്പിന്‍റെ കണ്ടെത്തല്‍ മനോരമന്യൂസിലൂടെ പുറംലോകം അറിയുന്നത് കഴിഞ്ഞമാസം 27നായിരുന്നു. വിവിധ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അതാത് വകുപ്പുകള്‍ നടപടിയെടുക്കുമെന്ന് പിന്നാലെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്നു. റവന്യൂ വകുപ്പിന് പുറമെ മണ്ണ് സംരക്ഷണം, പൊതുഭരണം, ആരോഗ്യ വകുപ്പുകളാണ് ഇതുവരെ നടപടിയെടുത്തത്.
തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്,കാസര്‍കോഡ് ജില്ലകളിലാണ് നടപടി നേരിട്ട ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത്. പെന്‍ഷന്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ 1458 ജീവനക്കാരില്‍ ഭൂരിഭാഗവും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലാണ്.