പത്തനാപുരം അക്‌സ റെജിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം . അരുവിക്കുത്ത് വെള്ളച്ചാട്ടത്തോട് ചേര്‍ന്നാണ് അക്‌സയെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഒഴുക്കില്ലാത്ത ഭാഗത്താണ് മൃതദേഹം കിടന്നതെന്നും എങ്ങനെ ഒഴുക്കില്ലാതെ ആ ഭാഗത്തേക്ക് മൃതദേഹം ഒഴുകിയെത്തിയെന്നുമാണ് കുടുംബത്തിന്റെ സംശയം.
അതുമാത്രമല്ല ചെറിയ വെള്ളം പോലും പേടിയാണ് അക്‌സയ്ക്ക്, ചെറിയ തോട്ടില്‍ പോലും ഇറങ്ങാന്‍ ഭയമാണ്, പിന്നെങ്ങനെ കുത്തൊഴുക്കുള്ള വെള്ളത്തില്‍ ഇറങ്ങിയെന്ന് വിശ്വസിക്കുമെന്നാണ് കുടുംബം ചോദിക്കുന്നത്. അക്‌സയുടെ കൂട്ടുകാരും അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനമെന്ന് അക്‌സയുടെ പിതാവ് പറയുന്നു.
സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും പ്രിയങ്കരിയായിരുന്നു അക്‌സ. പഠനത്തിലും മറ്റു പരിപാടികളിലുമെല്ലാം കുട്ടികളെ മുന്നില്‍ നിന്നു നയിച്ചിരുന്നതും അക്‌സയാണ്. മകള്‍ക്കെന്തു സംഭവിച്ചെന്നറിയും വരെ പോരാട്ടം തുടരുമെന്നും അക്‌സയുടെ പിതാവ് റെജി പറയുന്നു. ഇന്നലെ രാവിലെ 8ന് വീട്ടിലെത്തിച്ച മൃതദേഹം ശുശ്രൂഷകൾക്ക് ശേഷം 12ന് മഞ്ഞക്കാല ടിപിഎം സെമിത്തേരിയിൽ സംസ്കരിച്ചു. ആദരാഞ്ജലി അർപ്പിക്കുന്നതിനായി നൂറു കണക്കിനാളുകളാണ് അക്‌സയുടെ വീട്ടിലെത്തിയത്.