കൊച്ചി ഇടപ്പള്ളിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് തൃശൂര്‍ സ്വദേശി മരിച്ച കേസില്‍ പ്രതികളെ കണ്ടെത്താന്‍ സുഹൃത്തുക്കളുടെ അന്വേഷണം. പൊലീസ് പരാജയപ്പെട്ടതോടെയാണ് ഇടിച്ചിട്ട് കടന്നുകളഞ്ഞ ബൈക്ക് കണ്ടെത്താന്‍ മരിച്ച വിനുവിന്‍റെ സുഹൃത്തുക്കളുടെ ശ്രമം. നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവികള്‍ ഇതിനോടകം ശേഖരിച്ച് കഴിഞ്ഞു.
ഇടപ്പള്ളി കുന്നുംപുറം പാലത്തിന് സമീപം ഈ മാസം 17നുണ്ടായ അപകടത്തിലാണ് ചാവക്കാട് തളിക്കുളം കുറുപ്പന്‍ വീട്ടില്‍ വിനു മരിച്ചത്. രാവിലെ എട്ടിന് വെണ്ണലയില്‍ നിന്ന് തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വിനുവിന്‍റെ ബൈക്കില്‍ മറ്റ് രണ്ട് ബൈക്കുകള്‍ ഇടിച്ചായിരുന്നു അപകടം. റോഡില്‍ തലയിടിച്ച് വീണ വിനു നാല് മിനിറ്റിലേറെ റോഡില്‍ കിടന്നു. ഇടിച്ച വാഹനങ്ങള്‍ ഒന്ന് നിര്‍ത്തുകപോലും ചെയ്യാതെ കടന്നുകളഞ്ഞു. എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഇടിച്ചിട്ട ബൈക്കുകള്‍ കണ്ടെത്താനായില്ല. പല സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വാഹനങ്ങളെ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. തെന്ന് ഉറപ്പിക്കാനായില്ല. ഇതോടെയാണ് വിനുവിന്‍റെ സുഹൃത്തുക്കള്‍ വണ്ടികള്‍ കണ്ടെത്താന്‍ ഇറങ്ങി തിരിച്ചത്.
അപകടം നടന്ന സ്ഥലത്ത് നിന്ന് ഇടിച്ച വാഹനത്തിന്‍റെ മഡ്ഗാര്‍ഡിന്‍റെ ഒരു ഭാഗം ലഭിച്ചിരുന്നു. ലഭിച്ച സിസിടിവികളില്‍ ഒന്നില്‍ മഡ്ഗാര്‍ഡില്ലാതെ പോകുന്ന ഒരു സ്കൂട്ടറിന്‍റെ ദൃശ്യവും ലഭിച്ചു. എന്നാല്‍ നമ്പര്‍ വ്യക്തമല്ല. ഈ ദൃശ്യങ്ങള്‍ പൊലീസിനും കൈമാറി. വാഹനങ്ങള്‍ ഏതെന്ന് ഉറപ്പിക്കാന്‍ ജനങ്ങളുടെ സഹായവും വിനുവിന്‍റെ സുഹൃത്തുക്കള്‍ തേടുന്നുണ്ട്. ഡിസംബര്‍ 17ന് രാവിലെ എട്ട് മണിക്ക് കുന്നുംപുറം വഴി കടന്നുപോയ വാഹനങ്ങളുടെ ഡാഷ് ക്യാമറ ദൃശ്യങ്ങള്‍ ഉള്ളവര്‍ ബന്ധപ്പെടമണെന്നാണ് സുഹൃത്തുക്കളുടെ അഭ്യര്‍ഥന