താനും ഒരു അതിജീവിതയാണെന്നും ഹേമ കമ്മിറ്റിയിൽ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ടെന്നും നടി പാർവതി തിരുവോത്ത്. വയനാട് മാനന്തവാടിയിൽ നടക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിലാണ് പാർവതിയുടെ പരാമർശം. പറയാനുള്ളതൊക്കെ പറഞ്ഞുള്ള ഒരു സിനിമ താൻ സംവിധാനം ചെയ്യുന്നുണ്ടെന്നും പാർവതി കൂട്ടിച്ചേർത്തു.
മാനന്തവാടി ദ്വാരകയിൽ പുരോഗമിക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിലെ ചർച്ചയിലാണ് നടി പാർവതി തിരുവോത്തിന്റെ പ്രതികരണം. WCC യുടെ രൂപീകരണവും അമ്മയെ പറ്റിയുള്ള വിമർശനവുെമെല്ലാം ചർച്ചയായി. ഹേമ കമ്മിറ്റിക്കു മുന്നിൽ തുറന്നു പറഞ്ഞ ഒരു അതിജീവിതയാണ് താനെന്ന് പാർവതി.
സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഓരോ തവണ അമ്മയിൽ പറയുമ്പോഴും അത് വിട്ടേക്ക് എന്നായിരുന്നു തനിക്ക് ലഭിച്ച മറുപടിയെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ സിനിമയിലെ പുരുഷ വിഗ്രഹങ്ങൾ ഉടഞ്ഞപ്പോൾ തനിക്കും വേദന തോന്നിയിരുന്നെന്നും പാർവതി പറഞ്ഞു.
WLF വേദിയിൽ കർഷകസമര നേതാവ് സുഖ് ദേവ് സിങ് കോക്രിയടക്കമുള്ള പ്രമുഖരും സംവദിച്ചു. നാലു ദിവസം നീളുന്ന സാഹിത്യോൽസവത്തിന് നാളെ സമാപനമാകും.