കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ അഞ്ചു വർഷം കളത്തിലിറങ്ങി കളിച്ച്, ഗവർണർ പദവിയുടെ ശൈലി തന്നെ മാറ്റിയെഴുതിയ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളം വിടുന്നു. ജനുവരി രണ്ടാം തീയതി അദ്ദേഹം ബിഹാർ ഗവർണറായി ചുമതല ഏൽക്കും. സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിച്ചും സർവകലാശാല ഭരണത്തിൽ നേരിട്ട് ഇടപെട്ടും ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെതിരെ നിരന്തരം പുതിയ യുദ്ധമുഖങ്ങൾ തുറന്നു. മുഖ്യമന്ത്രിയുമായി നേർക്കുനേർ വാക്പോരുവരെയെത്തി കാര്യങ്ങൾ. വൈസ്ചാൻസലർ നിയമനം നേരായ രീതിയിലല്ലെന്ന്  കാണിച്ച് കൂട്ട കാരണം കാണിക്കൽ നോട്ടിസ് നൽകിയത് രാജ്യത്തുതന്നെ ആദ്യ സംഭവമായി. 

ഗവർണറെ തെരുവിൽ നേരിടുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചതിന് പിറകെ ഗവർണർ എസ്എഫ്ഐയെ തെരുവിൽ നേരിട്ടു. രാജ്ഭവനിലും പുറത്തും മാധ്യമങ്ങളോട് സംസാരിച്ചും, പൊതു ചടങ്ങുകളിൽ ധാരാളമായി പങ്കെടുത്തും ഗവർണർ ജനങ്ങളോട് നേരിട്ട് സംവദിച്ചു. 'സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പ്രതിപക്ഷത്തോട് മല്‍സരിച്ച ആരിഫ് മുഹമ്മദ് ഖാൻ അവരെയും വെറുതെ വിട്ടില്ല. സംഭവ ബഹുലവും അസാധാരണവുമായ അഞ്ചു വർഷങ്ങൾ കേരളത്തിന് നൽകിയാണ് ചരിത്രത്തിലെ ഏറ്റവും വാചാലനായ ഗവർണർ ബിഹാറിലേക്ക് തട്ടകം മാറ്റുന്നത്.

ENGLISH SUMMARY:

Arif Mohammed Khan appointed as Bihar governor. Khan's tenure in Kerala was marked by several controversies, particularly due to his clashes with the CPI(M)-led state government. His outspoken stance on several issues often made his relationship uneasy with the state's leadership.