നാഗാലാൻഡ് മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ഇടവക പള്ളികളിൽ പുതുവർഷത്തിൽ മാന്നാറിൽ നിന്നുള്ള വെങ്കലമണികൾ മുഴങ്ങും. 1200 കിലോ തൂക്കവും നാലടി പൊക്കവും വരുന്ന മണികളാണ് വെങ്കല ഗ്രാമമായ മാന്നാറിൽ ഇരുവരുടേയും ആഗ്രഹപ്രകാരം ഒരുങ്ങിയത്. വെങ്കലമണികൾ നാളെ റോഡുമാർഗ്ഗം നാഗാലാൻഡിലേക്ക് അയയ്ക്കും.
ഇനി ഈ മണിമുഴക്കം അങ്ങ് നാഗാലാൻഡിലാണ്. തൻ്റെ പള്ളിയിലും ഒരു വെങ്കലമണി വേണമെന്നത് നാഗാലാൻഡ് അസംബ്ലി സ്പീക്കർ ഷെറിംഗെയിൻ ലോങ് കുമാറിന്റെ ആഗ്രഹമായിരുന്നു. വെങ്കല നിർമ്മാണത്തിൽ പ്രസിദ്ധമായ മാന്നാറിലെ സ്വാമിയുടെ കട എന്നറിയപ്പെടുന്ന പിആർഎം ലക്ഷ്മണ അയ്യർ അസോസിയേറ്റ്സിലേക്ക് അദ്ദേഹം നേരിട്ടെത്തി. മുഖ്യമന്ത്രി നെയ്ഫിയു റിയോയുടെ ഇടവക പള്ളിയിലേക്കും ചേർന്ന് രണ്ടു മണികൾ ഓർഡർ ചെയ്തു. സഹോദരങ്ങളായ ലക്ഷ്മി നാരായണ ശർമ്മയുടേയും ആർ വെങ്കിടാചലത്തിന്റേയും നേതൃത്വത്തിലായിരുന്നു നിർമ്മാണം.
12ലധികം തൊഴിലാളികൾ ആറുമാസത്തെ പരിശ്രമം കൊണ്ടാണ് കൂറ്റൻ മണികൾ നിർമ്മിച്ചത്. ഒന്നിന് 20 ലക്ഷം രൂപ വരും. മണിയുടെ ഒരു വശത്ത് വലിയ കുരിശടയാളം ആലേഖനം ചെയ്തിട്ടുണ്ട്. മറുവശത്ത് അത് സ്ഥാപിക്കപ്പെടാൻ പോകുന്ന ഗ്രാമങ്ങളുടെ പേരാണ്. ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റിയ മണികൾ രണ്ടു ദിവസത്തിനകം റോഡുമാർഗം നാഗാലാൻഡിലേക്ക് അയയ്ക്കും.