സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണംകൂടി. ഇടുക്കി മുള്ളരിങ്ങാട് അമേല്‍തൊട്ടിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു.  മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹിയാണ് (22) മരിച്ചത്. തേക്കിന്‍കൂപ്പില്‍ പശുവിനെ അഴിക്കാന്‍ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപെട്ടു. വനാതിര്‍ത്തിയിലാണ് അമറിന്‍റെ വീട്. പ്രദേശത്ത് കാട്ടാനയിറങ്ങുന്നത് പതിവെന്നും ആക്രമണം ആദ്യമെന്നും വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് ബിജു മനോരമ ന്യൂസിനോട് പറഞ്ഞു. 

മരണത്തില്‍ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തില്‍ നാളെ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. മൃതദേഹം സംസ്കരിക്കും മുന്‍പ് മരിച്ച യുവാവിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. അമര്‍ ഇലാഹിയുടെ മൃതദേഹമുള്ള ആശുപത്രിയില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകരുമെത്തി. 

വനംവകുപ്പ് സംരക്ഷിക്കുന്നത് മൃഗങ്ങളെ മാത്രമെന്ന് ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി. മുള്ളരിങ്ങാട് മേഖലയില്‍ ഫെന്‍സിങ്ങും കിടങ്ങും ഉണ്ടാക്കണമെന്ന് പി.ജെ.ജോസഫ് ആവശ്യപ്പെട്ടു. 

സര്‍ക്കാര്‍ മനുഷ്യന്‍ ജീവന്‍ പന്താടുന്നുവെന്ന് ഡിസിസി പ്രസിഡന്‍റ് സി.പി.മാത്യു മനോരമ ന്യൂസിനോട് പ്രതികരിച്ചു. 

ENGLISH SUMMARY:

Young man dies in wild elephant attack in Idukki