വീട് ജപ്‌തി ചെയ്തതിനെ തുടർന്ന് പെരുവഴിയിലായ മലപ്പുറം നിലമ്പൂരിലെ അലക്സാണ്ടറിനെയും കുടുംബത്തെയും സഹായിക്കാൻ തയാറായി സുമനസ്സുകൾ. ഇനി കണ്ണുതുറക്കേണ്ടത് കേരള ബാങ്ക്. മനോരമ ന്യൂസ് വാർത്തയെ തുടർന്ന് അടയ്ക്കേണ്ട തുകയിൽ ഇളവ് വരുത്തിയെങ്കിലും പരിമിതമായ ദിവസങ്ങൾ മാത്രമാണ് തിരിച്ചടവിനു നൽകിയത്. കാലാവധി നീട്ടി നൽകിയാൽ നിലവിൽ ബാങ്ക് പറഞ്ഞ തുക സമാഹരിക്കാൻ സാധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.
അലക്സാണ്ടറും ഭാര്യയും മക്കളും വീട്ടുമുറ്റത്തു ജീവിതം തുടങ്ങിയിട്ട് ഒന്നര മാസം കഴിഞ്ഞു .സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് വേണ്ടിയാണു അലക്സാണ്ടർ വീടിന്റെ ആധാരം പണയപ്പെടുത്തി ലോണ്‍ എടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ വീടും സ്ഥലവും കേരള ബാങ്ക് ജപ്തി ചെയ്തു.
22.5 ലക്ഷമായിരുന്നു തിരിച്ചടയ്ക്കേണ്ടിയിരുന്നത്. മനോരമ ന്യൂസ് വാർത്തയ്ക്ക് പിന്നാലെ തിരിച്ചടയ്‌ക്കേണ്ട തുകയിൽ ബാങ്ക് ഇളവ് വരുത്തി. എന്നാൽ ഈ മാസം 31 നകം പണം തിരിച്ചടയ്ക്കണം എന്നാണ് ബാങ്കിന്റെ നിബന്ധന. അലക്സാണ്ടറിനെ സഹായിക്കാൻ നിരവധി പേർ എത്തുന്നുണ്ട്. കാലാവധി നീട്ടി നൽകിയാൽ തുക അടയ്ക്കാൻ തയാർ. തവണകളായി തുക തിരിച്ചടയ്ക്കുന്നതിന് അനുമതി നൽകണമെന്നാണ് അലക്സാണ്ടറിന്റെയും കുടുംബത്തിന്റെയും അപേക്ഷ.