ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ഗുരുതര സ്വഭാവമുള്ള ദുരന്തമായി മന്ത്രിതല സമിതി വിലയിരുത്തിയെന്ന് കേരളത്തെ ഔദ്യോഗികമായി അറിയിച്ച് കേന്ദ്ര സർക്കാർ. നേരത്തെ പാർലമെന്‍റിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ദുരന്ത നിവാരണത്തിന് പണം കണ്ടെത്തേണ്ടത് എസ്.ഡി.ആർ.എഫിൽ നിന്നാണെന്നും കേന്ദ്ര വിഹിതം മുഴുവനായി നൽകിയിട്ടുണ്ടെന്നും ആഭ്യന്തര സെക്രട്ടറി രാജേഷ് ഗുപ്ത സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിനെ അറിയിച്ചു.
അതേസമയം, വയനാടിനായി കേന്ദ്രം ചില്ലിക്കാശ് തന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി വന്ന് നല്ല ഇടപെടല്‍ നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും സഹായം കിട്ടിയില്ല. മറ്റ് സംസ്ഥാനങ്ങള്‍ക്ക് പണം കിട്ടി. അവര്‍ കണക്ക് കൊടുത്തിട്ടല്ല പണം കിട്ടിയത്. എന്താണ് കേരളത്തിന്‍റെ കുറ്റം. കേരളം പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് സ്റ്റഡി നടത്തിയില്ലെന്ന് എംപിമാരോട് കേന്ദ്ര ആഭ്യന്തരമന്ത്രി ശുദ്ധനുണ പറഞ്ഞു എന്നും സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.