ആ ആന വെറുതെവിട്ടതുകൊണ്ടാണ് താന്‍ ജീവനോടെയിരിക്കുന്നത് എന്നായിരുന്നു കാട്ടാനയാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട മന്‍സൂറിന് പറയാനുള്ളത്. ഇടുക്കി മുള്ളരിങ്ങാട് അമേല്‍തൊട്ടിയില്‍ ആണ് കഴിഞ്ഞ ദിവസമുണ്ടായ കാട്ടാന ആക്രമണത്തില്‍ മന്‍സൂറിന്റെ സുഹൃത്ത് അമര്‍ ഇബ്രാഹിം കൊല്ലപ്പെട്ടത്. താന്‍ രക്ഷപ്പെട്ടപ്പോഴും അമറിന്റെ കാര്യം ഓര്‍ത്തപ്പോള്‍ മന്‍സൂറിന്റ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ ഭീതി നിറഞ്ഞ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് മനസൂര്‍.
‘വിദേശത്തു നിന്നും അവധിക്കാലം ആഘോഷമാക്കാന്‍ കണക്കാക്കിയായിരുന്നു മന്‍സൂറിന്റെ വരവ്. അമറിന്റെ വീടിനു തൊട്ടടുത്താണ് എന്റെ വീട്, ഉച്ചകഴിഞ്ഞ് രണ്ടരയോടെ വീട്ടിലെത്തിയ അമര്‍ പശുവിനെ അഴിക്കാന്‍ പോയപ്പോള്‍ കൂടെ വിളിച്ചു, കളിചിരികള്‍ പറഞ്ഞ് പോകുന്നതിനിടെ തേക്ക് പ്ലാന്റേഷന്റെ ഉള്ളിലെത്തി. അല്‍പസമയത്തിനുള്ളില്‍ എവിടെനിന്നാണെന്ന് കണ്ടില്ല, ആനകള്‍ പാഞ്ഞെത്തി. രണ്ട് ആനകളുണ്ടായിരുന്നു, ഒന്ന് അമറിനെ ആക്രമിച്ചു. ഞാന്‍ ഓടാന്‍ ശ്രമിച്ചപ്പോള്‍ ഒരാന രണ്ടുകാലുകള്‍ക്കിടെയിലിട്ട് തന്നെ ചവിട്ടി. രണ്ടുകാലിലും ചവിട്ടി. കുതറി മാറി എഴുന്നേറ്റോടാന്‍ നോക്കിയപ്പോള്‍ വീണ്ടും വീണു,
നിലത്തുകൂടി ഇഴഞ്ഞ് അടുത്തുള്ള കുറ്റിക്കാട്ടിലൊളിച്ചു. താന്‍ ഒളിച്ചത് ആന കണ്ടു, പിന്തിരിഞ്ഞു പോകാതെ ആന അവിടെത്തന്നെ നിന്നു, നേരെ വന്നു, കൊല്ലുമെന്ന് ഉറപ്പായി. ഒരുമിനിറ്റോളം അവിടെ നോക്കിനിന്ന ശേഷം പിന്‍മാറിപ്പോയി. ആന തന്നെ വെറുതേവിട്ടതാണെന്നും മന്‍സൂര്‍ പറയുന്നു.അമറിന്റെ ശബ്ദം കേള്‍ക്കാതായതോടെ അവനെന്തോ സംഭവിച്ചെന്ന് മനസിലായി. ഒരുവിധം ഇഴഞ്ഞും നീങ്ങിയും കാട്ടിനു പുറത്തേക്കെത്തി. അലറല്‍ കേട്ട് അടുത്ത പറമ്പില്‍ നിന്നും വന്ന ഒരു ചേച്ചി ആളുകളെ വിളിച്ചുകൂട്ടി. കുറച്ചുപേര്‍ അമറിനെ അന്വേഷിച്ചുപോയി, കുറച്ചുപേര്‍ എന്നെ ആശുപത്രിയിലാക്കി.
സംഭവിച്ച കാര്യം വിവരിക്കുമ്പോഴും മന്‍സൂറിന്റ കണ്ണുകളില്‍ ഭീതി തളംകെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ആനയുടെ കൊലവിളിയ്ക്കു മുന്‍പില്‍ നിന്നപ്പോഴുള്ള വിറയല്‍ ഇപ്പോഴുമുണ്ട് മന്‍സൂറിന്.