പാലക്കാട് എടത്തനാട്ടുകരയില്‍ ഇരുചക്രവാഹനം മറിഞ്ഞു പരുക്കേറ്റ അധ്യാപിക മരിച്ചു. വട്ടമണ്ണപ്പുറം ഐടിസിപ്പടി സ്വദേശിനി സുനിതയാണ് മരിച്ചത്. 47 വയസായിരുന്നു . കുറുക്കന്‍ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഇരുചക്രവാഹനം മറിയുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുനിതയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു.
തീവ്രപരിചരണ വിഭാഗത്തിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്നലെ രാത്രിയിലാണ് സുനിതയുടെ മരണം സ്ഥിരീകരിച്ചത്. ഇതേ മേഖലയില്‍ പന്നി കുറുകെച്ചാടിയും മറ്റും നേരത്തേ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആനയും, പന്നിയുമുള്‍പ്പെടെയുള്ള വന്യമൃഗശല്യം ഏറെയുള്ള മേഖലയിലാണ് അപകടമുണ്ടായത്. ഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച വാര്‍ത്തയ്ക്കു പിന്നാലെയാണ് വന്യമൃഗശല്യം കൂടുതലുള്ള മേഖലയില്‍ നിന്നും വീണ്ടും അപകടവാര്‍ത്തകള്‍ തുടര്‍ന്ന് കേള്‍ക്കുന്നത്.