മദ്യപിക്കാൻ പണം കൊടുക്കാത്ത ദേഷ്യത്തിൽ മകൻ അമ്മയെ വെട്ടി പരുക്കേല്പിച്ചു. കൊല്ലം തേവലക്കരയിലാണ് സംഭവം. പണമില്ലെന്ന് അറിയിച്ചതോടെ അടുത്തിരുന്ന പിച്ചാത്തി എടുത്ത് മകൻ അമ്മയെ വെട്ടുകയായിരുന്നു. തേവലക്കര മാവില ജംഗ്ഷനിൽ താമസിക്കുന്ന കൃഷ്ണകുമാരിക്കാണ് (53) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മൂത്തമകൻ മനുമോഹനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. 

പ്രതി സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്നതിനാൽ, വീട്ടിൽ മറ്റാരും ഇല്ലാത്തപ്പോൾ കൃഷ്ണകുമാരി മനുവിനെ പേടിച്ച് അയൽ വീടുകളിലാണ് തങ്ങുന്നത്. ഇന്നലെ കൃഷ്ണകുമാരിയുടെ ഭർത്താവ് മോഹനൻ പിള്ള പുറത്തുപോയപ്പോൾ പതിവുപോലെ കൃഷ്ണകുമാരി അയൽവീട്ടിലേക്ക് പോയി ഇരിപ്പായി. 

കുറച്ച് സമയം കഴിഞ്ഞ് മോഹനൻ പിള്ള വീട്ടിൽ തിരികെയെത്തിയെന്ന് കരുതിയാണ് അവർ വീട്ടിലേക്ക് മടങ്ങിയത്. ഈ സമയം വീട്ടിലുണ്ടായിരുന്ന മനു അമ്മയെ കണ്ടതോടെ മദ്യപിക്കാൻ പണം ചോദിച്ചു. പണം തരില്ലെന്ന് പറഞ്ഞ കൃഷ്ണകുമാരിയെ പിച്ചാത്തിക്ക് വെട്ടുകയായിരുന്നു. ആക്രമണത്തിൽ വലതു കൈത്തണ്ടയുടെ ഞരമ്പിനും  ഇടത് കവിളിനും ആഴത്തിൽ മുറിവേറ്റു. പിന്നീട് നാട്ടുകാരാണ് മനുവിനെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. 

പരുക്കേറ്റ് അവശനിലയിലായ കൃഷ്ണകുമാരിയെ അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. ഇവരിപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ഇളയമകൻ അങ്കമാലിയിലാണ് ജോലി ചെയ്യുന്നത്. 

ENGLISH SUMMARY:

Son Assaults Mother After She Refuses to Give Money for Drinking