ഉമ തോമസിന് അപകടം പറ്റിയ കേസില്‍ കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിയുടെ ഇവന്‍റ് മാനേജരെ കസ്റ്റഡിയിലെടുത്തു. ഒാസ്കര്‍ ഇവന്റ് മാനേജ്മെന്റ് ഉടമ കൃഷ്ണകുമാറാണ് പിടിയിലായത്. പരിപാടിയുടെ ക്രമീകരണ ചുമതല വഹിച്ചത് ഒാസ്കര്‍ ഇവന്റ് ടീമാണ്. സംഘാടകര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. മൃദംഗ വിഷന്‍ എം.ഡി നിഘോഷ് കുമാറാണ് കോടതിയെ സമീപിച്ചത്. എല്ലാ സുരക്ഷയും ഒരുക്കിയാണ് പരിപാടി നടത്തിയതെന്നാണ് സംഘാടകരുടെ വാദം.
ഉമ തോമസ് എം.എൽ.എ യ്ക്ക് അപകടം സംഭവിച്ച വേദിയുടെ സുരക്ഷാ ക്രമീകരണത്തിൽ നിന്ന് കൈയൊഴിഞ്ഞ് ജിസിഡിഎ സുരക്ഷ ഒരുക്കേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണെന്ന് ജിസിഡിഎ ചെയർമാൻ വ്യക്തമാക്കി. അപകടത്തിൽ സംഘാടകരായ മൃദംഗ വിഷന് എതിരെയും സ്റ്റേജ് നിർമ്മിച്ചവർക്ക് എതിരെയും പോലീസ് കേസ് എടുത്തു.
കലൂർ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിൽ മൃദംഗ വിഷൻ സംഘടിപ്പിച്ച മൃദംഗ നാദം നൃത്ത പരിപാടിയിൽ സംഭവിച്ച ഗുരുതമായ സുരക്ഷ വീഴ്ചയിൽ സംഘാടകരുടെയും ജിസിഡിഎയുടെയും ന്യായീകരണങ്ങൾ മുഖവിലയ്ക്ക് എടുക്കാനാകില്ല. ഇങ്ങനെയുള്ള സ്റ്റേജിൽ സാധാരണ ബാരിക്കേഡ് സ്ഥാപിക്കാറില്ലെന്ന് സംഘാടകർ പറയുമ്പോൾ പ്രത്യേകം സ്റ്റേജ് നിർമ്മിക്കാൻ അനുമതി നല്കിയിരുന്നില്ലെന്ന് ജിസിഡിഎ വാദിക്കുന്നു. നില വിളക്ക് കൊളുത്തുന്ന അഞ്ച് മിനിറ്റിൽ താഴെയുള്ള പരിപാടി മാത്രമാണ് വേദിയിൽ ഉണ്ടാവുകയെന്ന് സംഘാടകർ ജിസിഡിഎയെ അറിയിച്ചിരുന്നു.സ്റ്റേഡിയത്തിന്റെ സുരക്ഷ പ്രശ്നം അല്ല അപകട കാരണമെന്ന് ചൂണ്ടിക്കാട്ടി ജിസിഡിഎ ചെയർമാൻ കൈ കഴുകി.
മന്ത്രി സജി ചെറിയാനും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജിസിഡിഎ ചെയർമാനും അടക്കം പങ്കെടുത്ത പരിപാടിയിൽ സുരക്ഷ ക്രമീകരങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. മൃദംഗ വിഷന്റെ സംഘാടകരായ ഷമീർ അബ്ദുൽ റഹിം, നിഘോഷ് കുമാർ എന്നിവർക്ക് എതിരെയും വേദി നിർമിച്ചവർക്ക് എതിരെയുമാണ് പോലീസ് കേസ്. വിഐപി ഗ്യാലറിയിൽ നടന്ന് പോകുന്നതിന് മതിയായ സ്ഥലം ഒരുക്കിയിരുന്നില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. സ്റ്റേജ് നിർമ്മിച്ച സംഘാടകർക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചെന്ന് അഗ്നിശമന സേനയും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഫോറൻസിക് വിഭാഗവും, GCDA എന്‍ജിനീയറിങ് വിഭാഗവും സ്റ്റേഡിയത്തിൽ എത്തി പരിശോധന നടത്തി.