ഉമ തോമസ് എംഎൽഎയുടെ അപകടത്തില്‍ സംഘാടകർക്കെതിരെ കേസെടുത്തു. വേദി നിർമ്മിച്ചവരെ ഉൾപ്പെടെ പ്രതികളാക്കിയാണ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണ് സ്റ്റേജ് നിര്‍മിച്ചതെന്ന് എഫ്ഐആറില്‍ പറയുന്നു. വിഐപി ഗാലറിയിൽ നടന്നുപോകുന്നതിന് മതിയായ സ്ഥലമിട്ടില്ല, സുരക്ഷക്കായി കൈവരിയും സ്ഥാപിച്ചില്ല. എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫിന്റെ പരാതിയിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.
അതേസമയം, പരുക്കേറ്റ് ചികില്‍സയിലുള്ള ഉമ തോമസിന്‍റെ നില മാറ്റമില്ലാതെ തുടരുന്നു. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ ബോർഡിന്റെ നിരീക്ഷണത്തിലാണ് നിലവിൽ ഉമ തോമസ്. അപകടത്തിൽ സമഗ്രമായ അന്വഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് കൊച്ചി ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിന്‍റെ വിഐപി പവലിയനിൽ നിന്ന് ഉമ തോമസ് എംഎൽഎ താഴേക്ക് വീണത്. തലയ്ക്ക് അടക്കം പരുക്കേറ്റ ഉമ തോമസ് കൊച്ചി റിനൈ മെഡിസിറ്റി യിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. തലച്ചോറിനും ശ്വാസ കോശത്തിനും ഏറ്റ പരുക്കാണ് ആശങ്കയായി തുടരുന്നത്. വീഴ്ചയുടെ ആഘാതത്തിൽ മുഖത്തും വാരിയെല്ലുകൾക്കും ഒടിവേറ്റതിനെ തുടര്‍ന്ന് ശ്വാസകോശത്തില്‍ രക്തസ്രവമുണ്ടായി. രാവിലെ 10.30 ഓട് കൂടി വിശദമായ മെഡിക്കൽ ബുള്ളറ്റിൻ പുറത്തു വരും.