കലൂര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് ഉമ തോമസ് എംഎല്‍എ വീണു പരുക്കേറ്റ് അപകടത്തില്‍ പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്‍ സിഇഒ പിടിയില്‍. കൊച്ചിയിലെ ഫ്ലാറ്റില്‍നിന്നാണ് ഷമീര്‍ അബ്ദുല്‍ റഹീം പിടിയിലായത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഓസ്കർ ഇവന്റ് മാനേജ്‌മന്റ് കമ്പനി മാനേജർ കൃഷ്ണകുമാർ, സ്റ്റേജ് ഡെക്കറേഷൻ സംഘത്തിലെ ബെന്നി എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്.
മന്ത്രി സജി ചെറിയാനും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജിസിഡിഎ ചെയർമാനും അടക്കം പങ്കെടുത്ത പരുപാടിയിൽ സുരക്ഷ ക്രമീകരങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. പരിപാടിയുടെ മുഖ്യ സംഘാടകരായ മൃദംഗ വിഷന് എതിരെയും ഓസ്കർ ഇവന്റ് മാനേജ്‌മന്റ് കമ്പനിയ്ക്ക് എതിരേയുമാണ് കേസ്. സുരക്ഷ ഉറപ്പാക്കേണ്ട സംഘാടകർ നിർദേശങ്ങൾ പാലിച്ചില്ലെന്നാണ് സിറ്റി പൊലീസ് കമിഷണർ പുട്ട വിമലാദിത്യ പറഞ്ഞത്.
സ്റ്റേജ് നിർമ്മിച്ച സംഘാടകർക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചെന്ന് അഗ്നി ശമന സേനയും റിപ്പോർട്ട് നൽകിയിട്ടുണ്ട്. പരിപാടിയിടെ സംഘാടകരായ ഓസ്കർ ഇവന്റസും, മൃദംഗ വിഷനും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മൃദംഗ വിഷൻ എംഡി നിഗോഷ് കുമാറും, ഓസ്കർ ഇവന്റസ് ഉടമ ജെനീഷ് കുമാറും ആണ് കോടതിയെ സമീപിച്ചത്. ഫോറൻസിക് വിഭാഗവും, ജിസിഡിഎ എന്‍ജീനീയറിങ് വിഭാഗവും സ്റ്റേഡിയത്തിൽ എത്തി പരിശോധന നടത്തിയിരുന്നു.
അതേസമയം, പരുക്കേറ്റ ഉമ തോമസ് എം.എൽ.എ അപകടനില തരണം ചെയ്തെന്ന് പറയാറായില്ലെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു. ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായ സാഹചര്യത്തില്‍ എംഎല്‍എ വെന്റിലേറ്ററില്‍ തുടരും. തലച്ചോറിലെ പരുക്ക് അധികരിക്കാത്തതാണ് ആശ്വാസസൂചനയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പരിശോധനയുടെ വിശദാംശങ്ങൾ കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തെ അറിയിച്ചിരുന്നു. ആന്റിബയോട്ടിക്കുകൾ അടക്കമുള്ള നിലവിലെ ചികിത്സാരീതി തുടരാൻ തന്നെയാണ് മെഡിക്കൽ ബോർഡിൻ്റെ തീരുമാനം. ആരോഗ്യനില മെച്ചപ്പെടുന്നതിനനുസരിച്ചായിരിക്കും വെന്റിലേറ്ററിൽ നിന്നും മാറ്റുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക.