nimisha-case-court

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്‍റ് അനുമതി നല്‍കിയതില്‍ സേവ് നിമിഷപ്രിയ ആക്ഷന്‍ കമ്മിറ്റിക്ക് രൂക്ഷവിമര്‍ശനം. ചര്‍ച്ചകളുടെ സമയം കഴിഞ്ഞെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം മനോരമ ന്യൂസിനോട് പറഞ്ഞു. മാപ്പപേക്ഷ ചര്‍ച്ചകളുടെ രണ്ടാംഗഡുവായി നല്‍കേണ്ട പണം കമ്മിറ്റി യഥാസമയം കൈമാറിയില്ല. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന് ചര്‍ച്ചകളില്‍ വിശ്വാസം നഷ്ടമായി. അവസരമുള്ളപ്പോള്‍ ഉപയോഗിക്കാനായില്ല, ഇപ്പോള്‍ അവസരം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. എന്തുചെയ്യണമെന്നറിയില്ലെന്ന് കണ്ണീരോടെ നിമിഷപ്രിയയുടെ അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. നിമിഷപ്രിയയുടെ മോചനവഴികള്‍ തേടി മാസങ്ങളായി യെമനിലാണ് പ്രേമകുമാരി.   

Read Also: ‘തലാൽ അബ്ദുമഹ്ദി ലഹരിമരുന്നിന് അടിമ, ശാരീരികമായി വഴങ്ങാൻ നിർബന്ധിച്ചു’; നിമിഷപ്രിയ കേസില്‍ സംഭവിച്ചത്


കഴിഞ്ഞ ദിവസമാണ് മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്‍റ് അനുമതി നല്‍കിയത്. യമനിലെ ജയിലിലുള്ള നിമിഷയുടെ വധശിക്ഷ ഒരുമാസത്തിനകം നടപ്പാക്കിയേക്കും. യമന്‍ പൗരനെ കൊലപ്പെടുത്തി എന്നതാണ് കേസ്. മാപ്പപേക്ഷ, ദയാധനം നല്‍കി മോചിപ്പിക്കല്‍ തുടങ്ങിയവ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. 

 

അതേസമയം, നിമിഷയെ മോചിപ്പിക്കാന്‍ എംബസി തലത്തിലടക്കം ഒരുപാട് ശ്രമിച്ചെന്ന് നെന്മാറ എംഎല്‍എ മനോരമ ന്യൂസിനോട് പറഞ്ഞു. ദയാധനത്തിനായി കുറച്ച് തുക വരെ പിരിച്ചിരുന്നുവെന്നും കെ.ബാബു എം.എല്‍.എ പ്രതികരിച്ചു. നിമിഷയെ മോചിപ്പിക്കാമെന്ന് ഇനിയും പ്രതീക്ഷയുണ്ടെന്ന് സേവ് നിമിഷ പ്രിയ ആക്ഷന്‍ കമ്മിറ്റി പ്രതിനിധി ദീപ ജോസഫ് പറഞ്ഞു. യമന്‍ പൗരന്‍റെ കുടുംബം മാപ്പ് നല്‍കിയാല്‍ മോചനം സാധ്യമാകും. ദയാധനം നല്‍കാന്‍ തയ്യാറാണെന്ന് യമന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ചര്‍ച്ചകള്‍ തുടരുകയാണെന്നും ദീപ ജോസഫ് പ്രതികരിച്ചു.

2017ല്‍ യമന്‍ പൗരന്‍ തലാല്‍ അബ്ദുല്‍ മഹ്ദിയെ കൊലപ്പെടുത്തി എന്ന കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ ജയിലിൽ കഴിയുന്നത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്തു നടത്തിയ ക്രൂര പീഡനമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. ‌‌‌‌2020ലാണ് കേസില്‍ നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. പിന്നാലെ വിധിക്കെതിരെ നിമിഷപ്രിയ അപ്പീലിന് പോയി. എന്നാല്‍ 2022ല്‍ അപ്പീല്‍ തള്ളുകയും 2023ല്‍ പരമോന്നത കോടതി വധശിക്ഷ ശരിവയ്ക്കുകയും ചെയ്തു.

നിമിഷപ്രിയ, തലാലിന്റെ ഭാര്യയാണെന്നതിനു യെമനിൽ രേഖകളുണ്ട്. എന്നാൽ, ഇതു ക്ലിനിക്കിനുള്ള ലൈസൻസ് എടുക്കുന്നതിനുണ്ടാക്കിയ താൽക്കാലിക രേഖ മാത്രമാണെന്നാണ് നിമിഷയുടെ വാദം. ഭാര്യയും കുഞ്ഞുമുള്ള തലാൽ തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ലഹരിമരുന്നിന് അടിമയായ അയാൾക്കും കൂട്ടുകാർക്കും വഴങ്ങാൻ നിർബന്ധിക്കുമായിരുന്നെന്നും നിമിഷ പറഞ്ഞിരുന്നു. ഇയാൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നു ജയിലിലായ തലാൽ പുറത്തെത്തിയ ശേഷം കൂടുതൽ ഉപദ്രവകാരിയായി. ജീവിക്കാൻ അനുവദിക്കില്ലെന്ന നില വന്നതോടെ ഒരു ദിവസം അനസ്തീസിയയ്ക്കുള്ള മരുന്നു നൽകി മയക്കിയെന്നും ഉണരുന്നില്ലെന്നു കണ്ടതോടെ ഒപ്പം ജോലി ചെയ്തിരുന്ന ഹനാനുമായി ചേർന്നു കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കോടതിയിൽ പറഞ്ഞത്.

ENGLISH SUMMARY:

criticism against Save Nimisha Priya Action Committee