മകരവിളക്ക് മഹോൽസവത്തിനായി ശബരിമല നടതുറന്ന് ആദ്യദിവസം തന്നെ സന്നിധാനത്ത് വൻ ഭക്തജന തിരക്ക്. ശബരി പീഠംവരെ എട്ട് മണിക്കൂറോളം വരി നിന്നാണ് ഭക്തർ പതിനെട്ടാം പടി ചവിട്ടുന്നത്. കാനന പാത വഴി വരുന്നവർക്ക് പ്രത്യേക പാസ് ഏർപ്പെടുത്തിയതും തിരക്ക് ഇരട്ടിക്കാൻ കാരണമായി.
നടതുറന്ന ആദ്യ ദിവസം തന്നെ എത്തിയത് 52568 പേർ. വെർച്വൽ ക്യൂ വഴി മുപ്പതിനായിരം പേർ ബുക്ക് ചെയ്തിടത്താണ് അര ലക്ഷത്തോളം പേർ ദർശനത്തിനെത്തിയത്. എട്ട് മണിക്കൂറോളം വരി നിന്നാണ് കുട്ടികളടക്കമുള്ള സ്വാമിമാർ ദർശനം നടത്തുന്നത്. ഇന്ന് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളത് എൺപതിനായിരം പേരാണെങ്കിലും ഇരട്ടിയിലധികം ഭക്തർ ദർശനത്തിനെത്താൻ സാധ്യതയുണ്ട്. തിരക്ക് കണക്കിലെടുത്ത് അധികം രണ്ട് സ്പോട്ട്ബുക്കിങ് കൗണ്ടറുകൾ തുടങ്ങി. പ്രത്യേകം പാസ് കിട്ടി കാനന പാത വഴിയെത്തുന്നവരുടെ കൂട്ടത്തിൽ വരി നിൽക്കാതെ അനധികൃതമായി കയറി കൂടുന്നവരും കുറവല്ല.
നാളെ പുതുവർഷമായതിനാൽ തിരക്ക് ഇതേ രീതിയിൽ തുടരാനാണ് സാധ്യത. തിരക്ക് നിയന്ത്രിച്ച് സുഖദർശനമൊരുക്കാൻ പൊലീസും ദേവസ്വം ബോർഡും സജമാണ്.