പുതുവല്‍സരത്തെ വരവേല്‍ക്കാനൊരുങ്ങി നാട്. കേരത്തില്‍ ആഘോഷങ്ങളുടെ ഹോട്ട് സ്പോട്ടാണ് ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍. വാഗമണ്ണിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. അഞ്ച് ദിവസത്തിനിടെ ഒന്നര ലക്ഷം പേരാണ് വാഗമണ്ണിലെ തണുപ്പും സാഹസികതയും ആസ്വദിക്കാൻ എത്തിയത്.
വാഗമണ്ണിലെത്തിയാൽ ആരും ഇങ്ങനെ ഒന്ന് പാടിപ്പോകും. ആടിപ്പാടി ആഘോഷിച്ചു മടങ്ങാനാണ് കേരളത്തിന്‍റെ വിവിധ ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും നിരവധി പേർ ഇവിടെക്കെത്തുന്നത്. തിരക്ക് കൂടുതലാണെങ്കിലും പൈൻ മരത്തോട്ടവും, മൊട്ടകുന്നുകളും, ടൂറിസം വകുപ്പിന്‍റെ അഡ്വഞ്ചർ പാർക്കുമെല്ലാം സഞ്ചാരികൾക്ക് വേറിട്ട അനുഭവമാവുകയാണ്.
തിരക്ക് കൂടിയതോടെ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. മൂന്നാർ, തേക്കടി, രാമക്കൽമേട് തുടങ്ങി ജില്ലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്.