ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ഗുരുതര സ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിച്ചത് 154 ദിവസം വൈകിയെന്ന റവന്യൂ മന്ത്രിയുടെ ആരോപണത്തില്‍ വസ്തുതയുണ്ടോ?. സംസ്ഥാനത്തിന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചത് ഇന്നലെയാണെങ്കിലും പാര്‍ലമെന്‍റില്‍ പലതവണ ഇക്കാര്യം ആഭ്യന്തര സഹമന്ത്രി വ്യക്തമാക്കിയതാണ്. മാത്രമല്ല പുനരധിവാസത്തിനുള്ള പണം PDNA റിപ്പോര്‍ട്ട് വിലയിരുത്തിയശേഷം മാത്രമെ ലഭിക്കുകയുമുള്ളു
ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ ഗുരുതര സ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് കേരളത്തിന് ലഭിച്ചത് ഇന്നലെയാണെങ്കിലും അതില്‍ പുതിയതായി ഒന്നുമില്ല. നവംബര്‍ 27 ന് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് നല്‍കിയ മറുപടിയാണിത്. ഉരുള്‍പൊട്ടല്‍ ഗുരുതര സ്വഭാവമുള്ളതായി മന്ത്രിതല സമിതി പരിഗണിച്ചെന്ന് ഇതില്‍ വ്യക്തമാക്കുന്നു. ഡിസംബര്‍ നാലിന് രണ്‍ദീപ് സുര്‍ജേവാലയും 10 ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയും ഉന്നയിച്ച ചോദ്യത്തിനും ഇതേ ഉത്തരം ആഭ്യന്തര സഹമന്ത്രി നല്‍കി. ഗുരുതരസ്വഭാമുള്ളതായി പരിഗണിച്ചാണ് 153 കോടി രൂപ അനുവദിച്ചതും. സാങ്കേതികത്വം കാരണം ഈ തുക കേരളത്തിന് ലഭിക്കില്ല എന്നത് മറ്റൊരു വസ്തുത. അതേസമയം ഔദ്യോഗിക അറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ എം.പി ഫണ്ടില്‍ നിന്ന് പണം അനുവദിക്കാനും എന്‍.ജി.ഒകളില്‍ നിന്നടക്കം ധനസഹായം സ്വീകരിക്കാനും കഴിയും എന്നത് നേട്ടമാണ്. കേന്ദ്രത്തില്‍നിന്ന് ഇനി സംസ്ഥാനത്തിന് പ്രതീക്ഷിക്കാവുന്നത് ദുരന്താനന്തര റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ട 2219 കോടിയാണ്. ഇത് അടിയന്തര സഹായമല്ല, പുനരധിവാസത്തിന് ഉള്ളതാണ്. റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷം ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.