കൊച്ചിയിൽ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വീണ് പരുക്കേറ്റ അപകടത്തില്‍ നടി ദിവ്യ ഉണ്ണിയുടെ മൊഴിയെടുക്കും. പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സിജോയുടെയും മൊഴിയെടുക്കും. സംഘാടനവുമായി ബന്ധപ്പെട്ട് ഇവരുടെ പങ്കാണ് പൊലീസ് അന്വേഷിക്കുന്നത്.
Read Also: ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; കണ്ണ് തുറന്നു; കൈകാലുകള്‍ അനക്കി
അപകടത്തിൽ പരുക്കേറ്റ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി. കണ്ണുതുറന്നു. കൈകാലുകള്‍ അനക്കി. രാവിലെ മകന്‍ ഉമ തോമസിനെ കണ്ടു. ശ്വാസകോശത്തിലെ അണുബാധ മാറാൻ ആന്‍റിബയോട്ടിക്കുകൾ അടക്കമുള്ള ചികിത്സയാണ് തുടരുന്നത്. ഉമ തോമസിന്‍റെ നില വിലയിരുത്താൻ ഇന്ന് വീണ്ടും മെഡിക്കൽ ബോർഡ് ചേരും.
ഉമ തോമസിന് അപകടം സംഭവിച്ച വേദിയിലെ സുരക്ഷാവീഴ്ചകൾ എണ്ണി പറഞ്ഞ് സംയുക്ത പരിശോധന റിപ്പോർട്ട് പുറത്തു വന്നു. സുരക്ഷയൊരുക്കാത്തതിന് പുറമേ വേദിക്ക് സമീപം അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വൈദ്യസഹായം ഉണ്ടായിരുന്നില്ല. പരിശീലനം ലഭിക്കാത്തവരാണ് ഉമ തോമസിനെ ആംബുലൻസിലേക്ക് മാറ്റിയത്. താൽക്കാലികമായി നിർമ്മിച്ച വേദിയ്ക്ക് ആവശ്യമായ ബലം ഉണ്ടായിരുന്നില്ലെന്നും സംഘാടകർക്ക് സംഭവിച്ചത് ഗുരുതരപിഴവ് ആണെന്നും കണ്ടെത്തി. പൊലീസും, അഗ്നിരക്ഷാ സേനയും, പൊതുമരാമത്ത് വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് സുരക്ഷ വീഴ്ച ചൂണ്ടിക്കാട്ടിയത്. പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്‍ സിഇഒ ഷമീര്‍ അബ്ദുല്‍ റഹീമിനെ അറസ്റ്റ് ചെയ്തിരുന്നു.
മൃദംഗവിഷന്‍ അധികൃതര്‍ പരിപാടിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരത്തെ ഡാന്‍സ് സ്കൂള്‍ ഉടമ രംഗത്തെത്തി. മയൂര സ്കൂള്‍ ഓഫ് ഡാന്‍സിലെ നൃത്താധ്യാപിക കൂടിയായ സുരഭി എം.നായരാണ് ആരോപണം ഉന്നയിച്ചത്. നര്‍ത്തകരില്‍ നിന്ന് ആദ്യം പറഞ്ഞുറപ്പിച്ച തുക പലതവണ കൂട്ടിച്ചോദിച്ചെന്നും പിന്‍വാങ്ങുകയാണെന്ന് അറിയിച്ചപ്പോള്‍ സംഘാടകര്‍ ഭീഷണിപ്പെടുത്തിയെന്നും സുരഭി മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.