ഉമ തോമസ് എം.എല്‍.എയ്ക്ക് പരുക്കേറ്റ കലൂര്‍ സ്റ്റേഡിയം അപകടത്തില്‍ സംഘാടകര്‍ക്കെതിരെ കൊച്ചി മേയര്‍. നൃത്തപരിപാടിക്ക് സംഘാടകര്‍ മുന്‍കൂര്‍ അനുമതി വാങ്ങിയില്ല. പരിപാടിക്ക് വിനോദനികുതി അടച്ചിരുന്നില്ല. നികുതി അടക്കാതെ ഓണ്‍ലൈനില്‍ ടിക്കറ്റ് വില്‍പ്പന നടത്തി. നികുതി ഈടാക്കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അനില്‍കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

Read Also: സ്റ്റേഡിയത്തിലെ അപകടം: ദിവ്യ ഉണ്ണിയുടെയും സിജോയുടെയും മൊഴിയെടുക്കും

ഇതിനിടെ കൊച്ചിയിലെ മൃദംഗവിഷന്‍ നൃത്തപരിപാടിയുടെ സംഘാടകര്‍ പരിപാടിയുടെ പേര് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപിച്ച് തിരുവനന്തപുരത്തെ ഡാന്‍സ് സ്കൂള്‍ ഉടമ രംഗത്തെത്തി. മയൂര സ്കൂള്‍ ഒാഫ് ഡാന്‍സിലെ നൃത്താധ്യാപിക കൂടിയായ സുരഭി എം നായരാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. നര്‍ത്തകരില്‍ നിന്ന് ആദ്യം  പറഞ്ഞുറപ്പിച്ച തുക പലതവണ കൂട്ടിച്ചോദിച്ചെന്നും പിന്‍വാങ്ങുകയാണെന്ന് അറിയിച്ചപ്പോള്‍ സംഘാടകര്‍ ഭീഷണിപ്പെടുത്തിയെന്നും സുരഭി മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. 

അപകടത്തിൽ പരുക്കേറ്റ എംഎല്‍എ ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. സംസാരിക്കുന്നതിനോട് എംഎല്‍എ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍. തലച്ചോറിലെ പരുക്കുകളുടെ കാര്യത്തില്‍ ആശാവഹമായ പുരോഗതിയുണ്ട്. ശ്വാസകോശത്തിന്‍റ കാര്യത്തില്‍ കുറച്ചുകൂടി സമയമെടുക്കുമെന്നും ‍ഡോക്ടര്‍മാര്‍. അമ്മേ എന്ന് വിളിച്ചപ്പോള്‍  കൈ കാലുകള്‍ ചലിപ്പിച്ചെന്നും കയ്യില്‍ മുറുക്കെ പിടിക്കാന്‍ പറഞ്ഞപ്പോള്‍ അനുസരിച്ചെന്നും മകന്‍ വിഷ്ണുവും പറഞ്ഞു

അപകടത്തില്‍ ദിവ്യ ഉണ്ണിയുടെ മൊഴിയെടുക്കും. പരിപാടിയുടെ ബ്രാന്‍ഡ് അംബാസ‍ി‍ഡര്‍ സിജോയുടെയും മൊഴിയെടുക്കും. സംഘാടനവുമായി ബന്ധപ്പെട്ട് ഇവരുടെ പങ്കാണ് പൊലീസ് അന്വേഷിക്കുന്നത്. 

അതേസമയം, ഉമ തോമസ് എം.എൽ.എ യ്ക്ക് അപകടം സംഭവിച്ച വേദിയിലെ സുരക്ഷ വീഴ്ചകൾ എണ്ണി പറഞ്ഞ് സംയുക്ത പരിശോധന റിപ്പോർട്ട് പുറത്തു വന്നു. സുരക്ഷയ്ക്ക്  പുറമെ വേദിക്ക് സമീപം അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വൈദ്യസഹായം ഉണ്ടായിരുന്നില്ല. പരിശീലനം ലഭിക്കാത്തവരാണ് ഉമ തോമസിനെ ആംബുലൻസിലേക്ക് മാറ്റിയത്. താൽക്കാലികമായി നിർമ്മിച്ച വേദിയ്ക്ക് ആവശ്യമായ ബലം ഉണ്ടായിരുന്നില്ലെന്നും സംഘാടകർക്ക് സംഭവിച്ചത് ഗുരുതരപിഴവ് ആണെന്നും കണ്ടെത്തി. പൊലീസും, അഗ്നിരക്ഷാ സേനയും, പൊതു മരാമത്ത് വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് സുരക്ഷ വീഴ്ച ചൂണ്ടിക്കാട്ടിയത്. അതേസമയം സുരക്ഷാ വീഴ്ചയിൽ പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്‍ സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം അറസ്റ്റിലായി. 

ENGLISH SUMMARY:

No prior permission was obtained for the dance program; no taxes were paid: Mayor