wayanad-disaster

വയനാട് ഉരുള്‍പൊട്ടല്‍ തീവ്ര ദുരന്തമായി കേന്ദ്ര പ്രഖ്യാപനം കൊണ്ടുമാത്രം കാര്യമില്ലെന്ന് അഭിപ്രായപ്പെട്ട്  സര്‍ക്കാരും പ്രതിപക്ഷവും. കേരളം ആവശ്യപ്പെട്ട 219 കോടിയില്‍ ഒരുതീരുമാനവും കേന്ദ്രം ഇതുവരെ എടുത്തില്ലെന്ന് റവന്യൂമന്ത്രി കെ.രാജന്‍ വിമര്‍ശനമുയര്‍ത്തി. അതിതീവ്ര ദുരന്ത പ്രഖ്യാപനം കൊണ്ട് മാത്രം കാര്യമില്ലെന്നും പുനരധിവാസത്തിന് സഹായമാണ് വേണ്ടതെന്നും ടി.സിദ്ധിക്ക് എം.എല്‍എയും പറഞ്ഞു. 

 

ചൂരല്‍മല–മുണ്ടകൈ പ്രദേശത്തെ ആകെ തകര്‍ത്തെറിഞ്ഞഉരുള്‍പൊട്ടലുണ്ടായി 154 ദിവസത്തിന് ശേഷമാണ് അതിതീവ്ര പ്രകൃതി ദുരന്ത പ്രഖ്യാപനം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഈ പ്രഖ്യാപനത്തിന് ഇത്രയുംകാല താമസം എന്തിനെന്നാണ് സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഒരുപോലെ ചോദിക്കുന്നത്. 

പ്രഖ്യാപനം കൊണ്ട് മാത്രം കാ ര്യമില്ലെന്നതിലും ഭരണ–പ്രതിപക്ഷങ്ങള്‍ക്ക് ഒരേ അഭിപ്രായമാണ്. സമഗ്ര പുനരധിവാസ പാക്കേജ് വേണം , ദുരന്തബാധിതരുടെ വായ്പകളെല്ലാം എഴുതിത്തള്ളണം എന്നീ കേരളത്തിന്‍റെ പ്രധാന ആവശ്യങ്ങളോട് കേന്ദ്രം ഇതുവരെ പ്രതികരിക്കാത്തതും വലിയ വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്.