കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെതിരെ പ്രതിപക്ഷനേതാവ് ഉന്നയിച്ച അഴിമതി ആരോപണത്തോട് പ്രതികരിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. അനില്‍ അംബാനിയുടെ കമ്പനിയിലെ കെഎഫ്സി നിക്ഷേപം മാനദണ്ഡം പാലിച്ചെന്ന് ധനമന്ത്രി പറഞ്ഞു. നിക്ഷേപങ്ങളില്‍ ലാഭവും നഷ്ടവും വരാം; നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ട്. നിക്ഷേപത്തിനുള്ള തീരുമാനമെടുത്തത് ഇന്‍വെസ്റ്റ്മെന്‍റ് കമ്മിറ്റി പണം നിക്ഷേപിക്കുമ്പോള്‍ ആര്‍സിഎഫ്എല്‍ കമ്പനിക്ക് റേറ്റിങ് ഉണ്ടായിരുന്നെന്നും കെ. എന്‍ ബാലഗോപാല്‍. പണം തിരിച്ചുകിട്ടാന്‍ ബോംബെ ഹൈക്കോടതിയില്‍ കേസ് നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ അഴിമതി ആരോപണം തള്ളി മുന്‍ ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയിരുന്നു, അംബാനിയുടെ കമ്പനിയെ തിരഞ്ഞെടുത്തത് കെഎഫ്സി ഡയറക്ടര്‍ ബോര്‍ഡ്. അംബാനിയുടെ കമ്പനിക്ക് നല്ല റേറ്റിങ് ഉണ്ടായിരുന്നു. ക്വട്ടേഷന്‍ വിളിച്ചശേഷമാണ് ആര്‍സിഎഫ്എല്‍ കമ്പനിയെ തിരിച്ചെടുത്തതെന്നും തീരുമാനത്തില്‍ തനിക്ക് പങ്കില്ലെന്നുമാണ് തോമസ് ഐസക് മനോരമ ന്യൂസിനോട് പറഞ്ഞത്.
അനില്‍ അംബാനിയുടെ ആര്‍സിഎഫ്എല്‍ കമ്പനിയില്‍ 2018ല്‍ കോടികള്‍ നിക്ഷേപിച്ചുവെന്നുമായിരുന്നു കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെതിരെയുള്ള പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍റെ ആരോപണം. കമ്പനി വന്‍ തകര്‍ച്ച നേരിടുന്നതിനിടെ 60.80 കോടി നിക്ഷേപിച്ചു. 2019ലും 2020ലും വാര്‍ഷിക റിപ്പോര്‍ട്ടില്‍ കെ.എഫ്.സി ഇത് മറച്ചുവച്ചുവെന്നാണ് ആരോപണം. കെ.എഫ്.സിയുടെ വീഴ്ചയില്‍ ധനകാര്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. നിയമസഭയില്‍ ചോദ്യമുന്നയിച്ചിട്ട് മന്ത്രി മറുപടി പറയാത്തതെന്ത്? അടിയന്തരമായി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും സതീശന്‍ പറഞ്ഞു.