പുലിമുട്ടുകളുടെ നിര്‍മാണത്തില്‍ തൂക്കത്തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ വിജിലന്‍സ് നീക്കം. കരിങ്കല്ലുകളുടെ തൂക്കം രേഖപ്പെടുത്തുന്ന ട്രിപ്സ് സോഫ്റ്റ്‌വെയറില്‍ നിലവില്‍ പ്രശ്നങ്ങളില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നു. തൂക്കം എഡിറ്റ് ചെയ്യാന്‍ സോഫ്റ്റ്‌വെയറില്‍ ഓപ്ഷനുണ്ടായിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. തൂക്കത്തില്‍ കൃത്രിമത്വം നടന്നോയെന്ന് കണ്ടെത്തുന്നതിന് സോഫ്റ്റ്‌വെയറിന്‍റെ സെര്‍വര്‍ പരിശോധന നടത്താതെയാണ് കേസവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നത്.
തീരദേശ സംരക്ഷണത്തിനായും ഹാര്‍ബര്‍ നിര്‍മാണങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ അഞ്ഞൂറ് കോടിയോളം രൂപ ചെലവിട്ട് നടത്തുന്ന പുലിമുട്ട് നിര്‍മാണങ്ങളില്‍ ഉയര്‍ന്ന കോടികളുടെ അഴിമതിയാരോപണത്തെ കുറിച്ച് ഒന്നര മാസം മുമ്പ് മനോരമന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിലെ തന്നെ ഉദ്യോഗസ്ഥന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ സാങ്കേതികമായി ശരിയാണെന്ന് വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞതായും ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കരിങ്കല്ലുകളുടെ തൂക്കം രേഖപ്പെടുത്തുന്ന ട്രിപ്സ് സോഫ്റ്റ്‌വെയറില്‍ എഡിറ്റ് ഓപ്ഷനുണ്ടെന്നും ഇതുപയോഗിച്ച് തൂക്കത്തില്‍ മാന്വലായി മാറ്റിത്തിരുത്തലുകള്‍ വരുത്താമെന്നുമായിരുന്നു വിജിലന്‍സിന്‍റെ ആ കണ്ടെത്തല്‍. സ്വാഭാവികമായും വിജിലന്‍സിന്‍റെ അടുത്ത നടപടി എന്തായിരിക്കണം....? എഡിറ്റ് ഓപ്ഷന്‍ ഉപയോഗിച്ച് തൂക്കത്തില്‍ തിരുത്തല്‍ നടന്നോ എന്ന് പരിശോധിക്കണം. അതിന് ട്രിപ്സ് സോഫ്റ്റ്‌വെയറിന്‍റെ സെര്‍വര്‍ ഒരു ഐടി വിദഗ്ദനെ കൊണ്ട് പരിശോധിപ്പിക്കണം.
അതിന് തയ്യാറാകാതെ, നിലവില്‍ എഡിറ്റ് ഓപ്ഷനില്ലെന്നും, സോഫ്റ്റ്‌വെയര്‍ നല്ല രീതിയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും വിജിലന്‍സിന്‍റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞു. അതായത് എല്ലാ കോംപ്ലിമെന്‍റാക്കി കേസ് അവസാനിപ്പിക്കാമെന്ന്. സെര്‍വര്‍ പരിശോധിക്കണമെന്ന പരാതിക്കാരന്‍ വിജിലന്‍സ് കോടതിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വിജിലന്‍സിന് നിവേദനമായി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. അതനുസരിച്ച് പരാതിക്കാരന്‍ വിജിലന്‍സിന് നിവേദനം നല്‍കി മാസം ഒന്നാകുന്നു, ഒരു മറുപടിയുമില്ല.
ഈ മാസം 31ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വിജിലന്‍സ് പ്രാഥമികാന്വഷണത്തിന്‍റെ അന്തിമ റിപ്പോര്‍ട്ട് നല്‍കും. ആ റിപ്പോര്‍ട്ടിന്‍റെ സ്വാഭാവമെന്തായിരിക്കുമെന്നത് കോടതിയിലെ വിജിലന്‍സ് അഭിഭാഷകന്‍റെ വാദത്തില്‍ നിന്ന് വ്യക്തം. ചുരുക്കത്തില്‍ കോടികളുടെ അഴിമതിയാരോപണത്തിലുള്ള അന്വേഷണം തുടങ്ങും മുമ്പേ അവസാനിക്കാനാണ് കളമൊരുങ്ങുന്നത്. കോടതിയുടെ ഇടപെടലില്‍ മാത്രമാണ് ഇനി പ്രതീക്ഷ.