പെരിയ ഇരട്ടക്കൊല കേസില്‍ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഇന്ന് ശിക്ഷ വിധിക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികള്‍ക്കുള്ള ശിക്ഷയാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി വിധിക്കുക. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ.പീതാംബരനടക്കമുള്ള കൊലയാളി സംഘത്തിനെതിരെ കൊലക്കുറ്റം തെളിഞ്ഞിരുന്നു.
സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ പ്രകമ്പനങ്ങളുണ്ടാക്കിയ ക്രൂരമായ ഇരട്ടക്കൊലപാതകക്കേസിലാണ് വര്‍ഷങ്ങള്‍ക്കിപ്പുറം വിധി വരുന്നത് . കേസില്‍ സിപിഎമ്മുകാരായ 24 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും ഇരുട്ടിന്‍റെ മറവില്‍ കൊലപ്പെടുത്തിയ ഹിറ്റ് സ്ക്വാഡിലെ എട്ട് പേര്‍ക്കെതിരെയും കൊലപാതകം, ഗൂഢാലോചന കുറ്റങ്ങളാണ് തെളിഞ്ഞത്.
കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളല്ലെങ്കിലും പത്താം പ്രതി ടി. രഞ്ജിത്ത്, പതിനഞ്ചാംപ്രതി വിഷ്ണു സുര എന്നിവരും ഇതേ കുറ്റങ്ങള്‍ ചെയ്തതായി കോടതി കണ്ടെത്തിയിട്ടുണ്ട്. കൃപേഷിനെയും ശരത്ലാലിനെയും പിന്തുടര്‍ന്ന് അവരുടെ ഓരോനീക്കങ്ങളും കൊലയാളി സംഘത്തെ അറിയിച്ചത് ഇവരാണ്. കേസിലെ രണ്ടാം പ്രതി സജി സി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ബലംപ്രയോഗിച്ച് മോചിപ്പിച്ചുവെന്ന കുറ്റമാണ് മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനടക്കം നാലുപേര്‍ക്കെതിരെ തെളിഞ്ഞത്. ഉദുമ മുന്‍ ഏരിയ സെക്രട്ടറി കെ.മണികണ്ഠന്‍, പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്ക്കരന്‍ എന്നിവരാണ് മറ്റ് മൂന്നുപേര്‍. ഈ നാല് പേരെയും സിബിഐയാണ് പ്രതി ചേര്‍ത്തത്. മോചിപ്പിച്ച പ്രതിക്ക് വധശിക്ഷ വിധിച്ചാല്‍ ഇവര്‍ക്ക് പരമാവധി ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. അങ്ങനെയെങ്കില്‍ ഇവര്‍ ജയിലിലേക്ക് പോകേണ്ടി വരും.
ശിക്ഷയിന്‍മേലുള്ള വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. രാവിലെ 11 മണിക്കാണ് കോടതി പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുക. 2019 ഫെബ്രുവരി 17നാണ് കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത്. ഹൈക്കോടതി നിര്‍ദേശപ്രകാരം 2020 ഡിസംബറില്‍ അന്വേഷണം ആരംഭിച്ച സിബിഐ ഒരുവര്‍ഷത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2023 ഫെബ്രുവരിയിലാണ് കേസില്‍ വിചാരണ ആരംഭിച്ചത്.