പെരിയ ഇരട്ടകൊലപാതക കേസില്‍ ആദ്യ എട്ടു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമാണ് എറണാകുളം സിബിഐ കോടതി വിധിച്ചത്. കേസില്‍ അറസ്റ്റിലായത് മുതല്‍ ജയിലില്‍ കഴിയുന്ന ഏഴാം പ്രതി എ. അശ്വിന്‍റെ ജീവിതത്തിലെ സുവര്‍ണകാലം മുഴുവന്‍ ജയിലില്‍ തീരും. പതിനെട്ടാം വയസ് മുതൽ ജയില്‍ കഴിയുന്ന പ്രതിക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. കോടതി വിധി പറഞ്ഞ ദിവസം അതിവൈകാരികമായാണ് അശ്വിന്‍ കോടതിയില്‍ സംസാരിച്ചത്.
'പട്ടാളക്കാരനാകാൻ ആഗ്രഹിച്ചു. ഡിഗ്രി പഠിച്ച് പാസാകണമെന്ന് ആഗ്രഹിച്ചു, ആറു വർഷമായി ജയിലിലാണ്, വീട്ടുകാരെ കണ്ടിട്ടില്ല' എന്നിങ്ങനെ പറഞ്ഞ് വിതുമ്പുകയായിരുന്നു അശ്വിൻ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് അശ്വിന്‍. പീതാംബരന്‍റെ നേതൃത്വത്തിൽ ഒന്ന് മുതൽ എട്ടു വരെയുള്ള പ്രതികളെയാണ് കൊലപാതകത്തിനായി നിയോഗിച്ചത്. ഏഴാംപ്രതി അശ്വിൻ എന്നിവർ വാളുകൾ ഉപയോഗിച്ചാണ് കൃത്യത്തിൽ പങ്കെടുത്തത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
പീതാംബരന്‍റെ നേതൃത്വത്തിൽ കൊലപാതകത്തിൽ പങ്കെടുത്ത രണ്ടാമത്തെ സംഘത്തിലാണ് അശ്വിൻ ഉണ്ടായിരുന്നത്. സജി, അനിൽകുമാർ, ശ്രീരാഗ് എന്നിവർക്കൊപ്പം KL14J 5683 എന്ന സൈലോ കാറിലാണ് അശ്വിൻ കൃത്യത്തില്‍ പങ്കെടുത്തത്. ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും ബൈക്ക് ആക്രമിച്ച ശേഷം ശരത് ലാലിനെ വാളുകൊണ്ട് ആക്രമിച്ചതിൽ ഒരാൾ അശ്വിനാണെന്ന് കുറ്റപത്രത്തിലുണ്ട്.
പെരിയ ഇരട്ടക്കൊലക്കേസില്‍ പത്ത് പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം. മുന്‍ ഉദുമ എംഎല്‍എ കെ.വി കുഞ്ഞിരാമനടക്കം കേസില്‍ പ്രതികളായ നാലു സിപിഎമ്മുകാര്‍ക്ക് അഞ്ചുവര്‍ഷം വീതം തടവുശിക്ഷയും കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി വിധിച്ചു.