സിനിമാ സെറ്റിൽ നിന്ന് ഓടിയെത്തി ചാക്യാർകൂത്ത് അവതരിപ്പിച്ച് മിന്നൽ മുരളിയിലെ ബാലതാരം വസിഷ്ഠ് ഉമേഷ്. മമ്മൂട്ടി നായകനായ ബസൂക്കയുടെ സെറ്റിൽ നിന്നാണ് വസിഷ്ഠ് വന്നത്.
മിന്നൽ മുരളിയിൽ അമ്മാവന്‍റെ വഴികാട്ടിയായ ജോസ്മോനായ വസിഷ്ഠാണ് ചാക്യാരായി എത്തിയത്. വാണിയംകുളം പിആർകെ എച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് വസിഷ്ഠ്. മിന്നൽ മുരളി കഴിഞ്ഞതോടെ സിനിമയിൽ തിരക്കേറി. അതിനിടയിൽ ആയിരുന്നു ചാക്യാർകൂത്ത് പഠനം. കഴിഞ്ഞ തവണ ജില്ലയിൽ രണ്ടാം സ്ഥാനമാണ് കിട്ടിയത്. ഇക്കുറി സംസ്ഥാനതല കലോൽസവത്തിൻ അവസരം കിട്ടിയതോടെ സിനിമ സെറ്റിൽ നിന്ന് അവധിയെടുത്ത് ഓടിയെത്തി.
അധ്യാപകരായ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് വസിഷ്ഠ് എത്തിയത്. പൈങ്കുളം നാരായണ ചാക്യാർ ആണ് ഗുരു. കലോത്സവത്തിനായാണ് പഠിച്ചത് എങ്കിലും ഇനി കൂടുതൽ പഠിക്കണമെന്നും കലാരൂപം കൈവിടില്ലെന്നും വസിഷ്ഠ് പറയുന്നു