ഫെയ്സ്ബുക്ക് പോസ്റ്റിന് അശ്ലീല കമന്റിട്ടെന്ന നടി ഹണി റോസിന്റെ പരാതിയില്‍ 27 പേര്‍ക്കെതിരെ കേസെടുത്തു. ഒരു വ്യക്തി സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നുവെന്നുള്ള ഹണിയുടെ പോസ്റ്റിന് പിന്നാലെയായിരുന്നു മോശം കമന്റുകള്‍ നിറഞ്ഞത്. ഇതോടെ കമന്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം താരം കൊച്ചി സിറ്റി പൊലീസില്‍ പരാതി നല്കി.
നേരത്തെ സ്ത്രീത്വത്തെ അപമാനിച്ചയാൾക്കെതിരെ വിമർശനവും നിയമനടപടിയുടെ മുന്നറിയിപ്പും താരം നല്‍കിയിരുന്നു. പണത്തിന്റെ ധാർഷ്ട്യത്തിൽ ഏത് സ്ത്രീയേയും അപമാനിക്കാമെന്ന് കരുതരുതെന്നും സ്ത്രീത്വത്തെ അപമാനിച്ച് തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുന്നയാൾക്കെതിരായ കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്നും ഹണി റോസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. അപമാനവും അധിക്ഷേപവും തുടർന്നാൽ നിയമനടപടിയെടുക്കുമെന്നും അവര്‍ മനോരമന്യൂസിനോടും പ്രതികരിച്ചിരുന്നു.
ഹണിയുടെ നേരത്തെ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിങ്ങനെ : 'ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവർ ചോദിക്കുന്നു. പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ ഞാൻ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു.
പണത്തിന്റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോ, അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നൽകുന്നില്ലേ എന്ന് ചോദിച്ചാൽ ഇയാളുടെ പ്രവർത്തികളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗികദ്യോതകമായ (sexually coloured remarks ) ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണ് എന്നാണ് അറിയാൻ സാധിച്ചത്. ഞാൻ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നർത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല'- അവര്‍ എഴുതി. ഈ പോസ്റ്റിലും നിരവധിപ്പേര്‍ മോശം കമന്റുകള്‍ ഇട്ടതോടെയാണ് പരാതി നല്‍കിയത്.