ഒറ്റപ്പാലം വാണിയംകുളം പഞ്ചായത്തിന്‍റെ പേരിൽ വ്യാജ കെട്ടിനിർമാണ പെർമിറ്റ്. കേസിൽ യുവ എൻജിനീയർ കൂനത്തറ തോപ്പിൽ അനീഷ് അറസ്റ്റിൽ. വാണിയംകുളം പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണു ഒറ്റപ്പാലം പൊലീസ് നടപടി.
കെട്ടിട ഉടമയിൽ നിന്നു പെർമിറ്റിനുള്ള ഫീസ് വാങ്ങിയ ശേഷം മറ്റൊരു പെർമിറ്റ് സ്വന്തം നിലയിൽ എഡിറ്റ് ചെയ്തു നൽകിയെന്നാണു കേസെന്നു പൊലീസ് അറിയിച്ചു. ഇതു വിശ്വസിച്ചു കെട്ടിട നിർമാണം പൂർത്തിയാക്കിയ ഉടമ കഴിഞ്ഞ മേയിൽ ലൈസൻസിനായി ഓൺലൈൻ വഴി അപേക്ഷ നൽകിയപ്പോഴാണു തട്ടിപ്പു തിരിച്ചറിഞ്ഞത്.
പെർമിറ്റ് വ്യാജമാണെന്നു വ്യക്തമായതോടെ ഉടമ പഞ്ചായത്തിനെ സമീപിച്ചു. ഇതോടെ സെക്രട്ടറിയുടെ പരാതിയിൽ കഴിഞ്ഞ മേയ് 28ന് എഫ്ഐആർ റജിസ്റ്റർ ചെയ്ത ഒറ്റപ്പാലം പൊലീസ് ഇലക്ട്രോണിക് രേഖകൾ ഉൾപ്പെടെ ശേഖരിച്ച ശേഷമാണു യുവാവിനെ അറസ്റ്റ് ചെയ്തത്.
പൊലീസ് ഇൻസ്പെക്ടർ എ.അജീഷിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സമാനമായ തട്ടിപ്പ് നേരത്തെയും അനീഷ് നടത്തിയിട്ടുണ്ടോ എന്നതുൾപ്പെടെ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.