നടി ഹണി റോസിനെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി കടുപ്പിച്ച് പൊലീസ്. ഹണിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിരീക്ഷണത്തിലാണ്. അശ്ലീല കമന്‍റിട്ട കൂടുതല്‍പേര്‍ക്കെതിരെ നടപടിയും കൂടുതല്‍ അറസ്റ്റുണ്ടാകും. ഹണി റോസിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി.

അതേസമയം, വസ്ത്രധാരണത്തിന്റെ പേരിൽ തനിക്കെതിരെ അശ്ലീല പരാമർശം നടത്തുന്നവർക്കെതിരെ തുറന്ന യുദ്ധപ്രഖ്യാപനവുമായി നടി ഹണി റോസ്. നിയമം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് പൊതുവേദിയിൽ എത്തിയിട്ടില്ലെന്നും അശ്ലീലം പറഞ്ഞാൽ നിയമവഴികൾ തേടുമെന്നും ഹണി വ്യക്തമാക്കി. നവമാധ്യമങ്ങളിൽ അടക്കം ഹണിക്ക് പിന്തുണയേറുന്നതിനിടെ അശ്ലീല പരാമർശങ്ങളെ താരസംഘടനയായ അമ്മയും അപലപിച്ചു. 

ഓരോരുത്തരുടെയും ചിന്തകളിൽ സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിന് താൻ ഉത്തരവാദിയല്ലെന്ന് ഉറക്കെ പറഞ്ഞാണ് വസ്ത്രധാരണത്തിൽ തന്നെ അശ്ലീലം പറഞ്ഞാൽ നിയമവഴികൾ തേടുമെന്ന് ഫെയ്സ്ബുക്കിൽ ഹണി വ്യക്തമാക്കിയത്. എന്നാൽ തന്റെ വസ്ത്രധാരണത്തെ വിമർശിക്കുകയും തമാശ പറയുകയും ചെയ്യാം. ഇതേ അവസ്ഥയിൽ കടന്നുപോകുന്ന എല്ലാ സ്ത്രീകൾക്കുമായാണ് യുദ്ധം പ്രഖ്യാപിക്കുന്നതെന്നും ഹണി റോസ് പറഞ്ഞു. 

ഇതിനിടെ ഹണിക്ക് നവമാധ്യമങ്ങളിൽ അടക്കം പരസ്യ പിന്തുണയുമായി ഒട്ടേറെ പേർ എത്തി. ഹണിറോസിനെതിരായ അശ്ലീല പരാമർശങ്ങളെ അപലപിച്ച താരസംഘടനയായ അമ്മ സ്ത്രീത്വത്തെയും തൊഴിലിനെയും അപലപിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ചു. ആവശ്യമെങ്കിൽ ഹണിറോസിന് നിയമസഹായത്തിന് വഴിയൊരുക്കുമെന്നും താരസംഘടന അറിയിച്ചു. 

തന്നെക്കുറിച്ച് അശ്ലീലം പറഞ്ഞയാൾക്ക് പരസ്യമായ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ നടിക്കെതിരെ നവമാധ്യമങ്ങളിൽ ചിലർ രൂക്ഷമായ ആക്രമമാണ് നടത്തിയത്. നടിയുടെ പരാതിയിൽ അശ്ലീലം പറഞ്ഞ 30 പേർക്കെതിരെ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു

ENGLISH SUMMARY:

Honey Rose's Instagram is under surveillance; Police take strict action