• ചീഫ് സെക്രട്ടറിക്ക് വീണ്ടും എൻ.പ്രശാന്തിന്‍റെ കത്ത്
  • സസ്പെൻഷന് ആധാരമായ ഡിജിറ്റൽ തെളിവുകൾ നൽകണമെന്നാവശ്യം
  • ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാമെന്ന് സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാണിച്ചിരുന്നു

സസ്പെൻഷന് ആധാരമായി കാണിച്ച ഡിജിറ്റൽ തെളിവുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് വീണ്ടും എൻ.പ്രശാന്തിന്‍റെ കത്ത്. രേഖകൾ എപ്പോൾ വേണമെങ്കിലും പരിശോധിക്കാമെന്നു സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ട് പിന്നാക്കം പോകുന്നത് ശരിയല്ല. രേഖകളും തെളിവുകളും നൽകാത്തത് നിയമ വ്യവസ്ഥയുടെ ലംഘനമെന്നും സുപ്രീംകോടതി വിധികൾ ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിയെ എൻ.പ്രശാന്ത് ഓർമപ്പെടുത്തുന്നു

അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലകിനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചതിന്‍റെ ഡിജിറ്റൽ തെളിവുകൾ എപ്പോൾ വേണമെങ്കിലും ഓഫിസ് സമയത്ത് പരിശോധിക്കാമെന്നു സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഇപ്പോൾ പറ്റില്ലെന്നു പറയുന്നത് ശരിയായ വാദം അന്വേഷണ കമ്മിഷനു മുന്നിൽ ഉന്നയിക്കുന്നതിനു തടസമാണെന്നും എവിഡൻസ് ആക്ടിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ആരോപണ വിധേയന് ലഭിക്കേണ്ട സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടുന്നു. ഇതിനാധാരമായി കാശിനാഥ് ദിക്ഷിത് vs ഗവൺമെന്‍റ് ഓഫ് ഇന്ത്യ, ഭഗവത് റാം vs ഗവൺമെന്‍റ് ഓഫ് ഇന്ത്യ എന്നീ കേസുകളും ശ്രദ്ധയിൽപ്പെടുത്തുന്നു. 

വ്യക്തിയുടെ പേരുവിവരമടക്കം പുറത്തുവരുമെന്നുള്ള ഭയമാണോ ഡിജിറ്റൽ തെളിവുകൾ പുറത്തു വിടുന്നതിനു പിന്നിലെന്നുള്ള പരിഹാസവും എൻ.പ്രശാന്ത് ഉന്നയിക്കുന്നു. നേരത്തെ കൃത്രിമ രേഖയുണ്ടാക്കിയതിന് എ.ജയതിലകിനെതിരെ കേസ് എടുക്കാത്തതില്‍ വക്കീൽ നോട്ടിസും പ്രശാന്ത് ചീഫ് സെക്രട്ടറിക്കയച്ചിരുന്നു.

ENGLISH SUMMARY:

N. Prasanth wrote a letter to the Chief Secretary again, requesting the digital evidence cited as the basis for his suspension.