മേപ്പാടിയിലെ ആയിരം ഏക്കര്‍ എസ്റ്റേറ്റിലെ റിസോര്‍ട്ടിനു പുറത്തുനിന്നാണ് കൊച്ചി പൊലീസ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. റിസോര്‍ട്ടിനു പുറത്തുള്ള റോഡിലൂടെ കോയമ്പത്തൂരിലെ പുതിയ ഷോറൂം ഉദ്ഘാടനത്തിനു പോകുന്ന വഴിയാണ് ബോബിയെ പൊലീസ് വളഞ്ഞത്. തന്‍റെ സ്ഥിരം വേഷത്തിലായിരുന്നു ബോബി . ഡിഫന്‍ഡര്‍ വാഹനത്തിലായിരുന്നു യാത്ര. മഫ്തിയിലെത്തിയ പൊലീസ് സംഘം വാഹനം വളഞ്ഞാണ് ബോബിയെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി തന്നെ അന്വേഷണസംഘം ആയിരം ഏക്കര്‍ റിസോര്‍ട്ട് പരിസരത്ത് എത്തിയിരുന്നു. എസ്ഐ അനൂപ് ചാക്കോയുടെ നേതൃത്വത്തിലുള്ള കൊച്ചിപൊലീസ് സംഘമാണ് ബോബിയെ കസ്റ്റഡിയിലെടുത്തത്.
ഈ കേസുമായി ബന്ധപ്പെട്ട ഏറ്റവും നിര്‍ണായകമായ സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. റിസോര്‍ട്ടില്‍ നിന്ന് പുറത്തുവന്ന ബോബി ചെമ്മണ്ണൂരിന്‍റെ വാഹനം പൊലീസ് തടഞ്ഞു. തുടര്‍ന്ന് അന്വേഷണസംഘം ബോബിയുമായി സംസാരിച്ചു . അതിനുശേഷം ബോബി സ്വന്തം വാഹനത്തില്‍ നിന്ന് ഇറങ്ങി വരുന്നതും ദൃശ്യങ്ങളില്‍ കാണാം. അദ്ദേഹത്തിന്‍റെ അംഗരക്ഷകരുള്ള വണ്ടി പുറകേയുണ്ടായിരുന്നു. എസ്റ്റേറ്റിനകത്തേക്ക് കയറി പിടികൂടുക എന്നത് പ്രായോഗികമല്ലാത്തതിനാല്‍ സംഘം പുറത്തെ വഴിയില്‍ കാത്തുനില്‍ക്കുകയായിരുന്നു. ഈ റോഡില്‍ നിന്നും മറ്റെങ്ങോട്ടും മാറിപ്പോകാനോ തിരിഞ്ഞുപോകാനോ സാഹചര്യമില്ലാത്തവിധത്തിലാണ് സംഘം നിലയുറപ്പിച്ചത്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന നടി ഹണി റോസിന്‍റെ പരാതിയിലാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ ആദ്യം എ.ആര്‍.ക്യാംപിലെത്തിച്ചു. തുടര്‍ന്ന് ബോബിയുമായി പൊലീസ് സംഘം കൊച്ചിയിലേക്ക് തിരിക്കുകയും ചെയ്തു.
ലൈംഗിക അതിക്രമത്തിന് ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ വകുപ്പും ബോബിക്കെതിരെ ചുമത്തിയിട്ടുണ്ട്. തനിക്കെതിരെയും മറ്റ് സ്ത്രീകള്‍ക്കെതിരെയും അശ്ലീല പരാമര്‍ശം നടത്തുന്ന വിഡിയോ തെളിവുകൾ സഹിതമാണ് താരം പരാതി നൽകിയത്.
അതിനിടെ പരാതിക്കാരിയായ ഹണി റോസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ചു. ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി. താന്‍ നല്‍കിയ പരാതിയില്‍ വേഗത്തില്‍ നടപടിയുണ്ടായത് ആശ്വാസകരമെന്ന് ഹണിറോസ് മനോരമന്യൂസിനോട് പ്രതികരിച്ചു. ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയ്ക്ക് മാറ്റം വരുമെന്ന് ഉറപ്പായെന്നും അവര്‍ വ്യക്തമാക്കി.