സ്വർണ കപ്പ് തൃശൂരിൽ എത്തി. കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷമാണ് തൃശൂരിന് സ്കൂൾ കലോൽസവത്തിൽ സ്വർണ കപ്പ് ലഭിക്കുന്നത്. പ്രൗഡോജ്വല സ്വീകരണമാണ് ത്യശൂരിലുടനീളം കിട്ടിയത്.
സ്വർണ കപ്പ് കണ്ടതിന്‍റെ ആരവങ്ങൾ. ആർപ്പു വിളിച്ചും ബാൻഡ് കൊട്ടിയും വിദ്യാർഥികൾ സ്വർണ കപ്പിനെ വരവേറ്റു. സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഓരോ വർഷവും മറ്റു ജില്ലകൾ കപ്പടിക്കുമ്പോൾ വിഷമത്തോടെ നിൽക്കുമായിരുന്ന തൃശൂരുകാർ ഇന്ന് തലയുയർത്തി നിന്നു. കപ്പടിച്ചതിന്‍റെ ആഹ്ളാദമായിരുന്നു എങ്ങും . തൃശൂർ ജില്ലയുടെ ചുമതലയുള്ള റവന്യു മന്ത്രി കെ.രാജൻ ജില്ലാ അതിർത്തിയിൽ കപ്പ് ഏറ്റുവാങ്ങി.
കൊരട്ടി , ചാലക്കുടി , പുതുക്കാട് , ഒല്ലൂർ കേന്ദ്രങ്ങളിൽ വമ്പിച്ച സ്വീകരണം. അവസാനം , തൃശൂർ സ്വരാജ് റൗണ്ടിൽ കപ്പെത്തിയപ്പോൾ ആഘോഷം പൊടിപൊടിച്ചു. കപ്പടിച്ചതിന്‍റെ ആഘോഷം ഒറ്റ ദിവസം കൊണ്ട് തീരുന്നില്ല. ഇന്ന് വിജയ ദിനമായി എല്ലാ സ്കൂളുകളിലും ആഘോഷിച്ചു. കപ്പ് കിട്ടിയാൽ ഒരു ദിവസം അവധി കിട്ടുമെന്ന് പ്രതീക്ഷിക്ഷ വിദ്യാർഥികളും അധ്യാപകരും നിരാശരായി. വിജയാഘോഷം നടക്കുന്ന ദിവസം അവധി നൽകിയാൽ ആഘോഷത്തിൽ വിദ്യാർഥികളുടെ പങ്കാളിത്തം കുറയുമെന്നായിരുന്നു വിലയിരുത്തൽ. മറ്റൊരു ദിവസം അവധി നൽകാനാണ് സാധ്യത.