വഞ്ചിയൂരില്‍ റോഡ് കെട്ടിയടച്ച് സി.പി.എം സമ്മേളനം നടത്തിയ കേസില്‍ പാര്‍ട്ടി സെക്രട്ടറി എംവി. ഗോവിന്ദനും കടകംപള്ളി സുരേന്ദ്രനും ഉള്‍പ്പെടെ നേതാക്കള്‍ ഹാജരാകണമെന്ന് ഹൈക്കോടതി. വഞ്ചിയൂരിലേത് പ്രതിഷേധത്തിന്‍റെ ഭാഗമായിരുന്നില്ല. ഇത്തരം പ്രവണതകള്‍ എല്ലാ ദിവസവും ആവര്‍ത്തിക്കപ്പെടുകയാണ്. അത് ചെറുതായി കാണാനാകില്ലെന്നും കോടതി വിലയിരുത്തി. വഞ്ചിയൂര്‍ സമ്മേളനം സംബന്ധിച്ച കോടതിയലക്ഷ്യഹര്‍ജിയിലാണ് നടപടി.
തിരുവനന്തപുരം വഞ്ചിയൂരില്‍ സിപിഎം ഏരിയ സമ്മേളനം നടത്തിനായിട്ടായിരുന്നു റോഡ് ഗതാഗതം തടസപ്പെടുത്തി സ്റ്റേജ് കെട്ടിയത്. പാളയം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി റോഡിന്റെ ഒരു വശം പൂർണമായി കെട്ടിയടച്ചായിരുന്നു സമ്മേളന വേദി ഒരുക്കിയത്. സംഭവത്തില്‍ സ്റ്റേജ് കെട്ടിയതിനും പ്രകടനം നടത്തിയതിനും വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു. ഗതാഗതം തടസപ്പെടുത്തികൊണ്ടുള്ള പൊതുസമ്മേളനങ്ങൾ പാടില്ല എന്ന കോടതി ഉത്തരവ് നില നിൽക്കുമ്പോഴാണ് തിരുവനന്തപുരം ജില്ലാ കോടതിക്ക് മുന്നിൽ തന്നെ റോഡ് തടഞ്ഞ് പാർട്ടി സമ്മേളനം നടത്തിയത്.