അനില്‍ അംബാനിയുടെ കമ്പനിയില്‍ നടത്തിയ നിക്ഷേപം സംബന്ധിച്ച് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ നല്‍കിയ വിശദീരണത്തില്‍ നിറയെ പൊരുത്തകത്തക്കേടുകള്‍. ബോര്‍ഡിന്‍റെ അംഗീകാരത്തോടെയാണ് എല്ലാ നിക്ഷേപങ്ങളുമെന്നാണ് കെ.എഫ്.സിയുടെ വാദം. 2016 ജൂണില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം 250 കോടി രൂപ വിപണിയില്‍ നിന്ന് സമഹരിക്കാന്‍ തീരുമാനിച്ചു. ഇതിനായി കമ്പനിയുടെ റേറ്റിങ്ങ് ഉയര്‍ത്തുന്നതിനാണ് നിക്ഷേപം നടത്തിയതെന്നാണ് വിശദീകരണത്തില്‍ പറയുന്നത്. എന്നാല്‍ നിക്ഷേപത്തിനായി അംബാനിയുടെ കമ്പനിയെ തിരഞ്ഞെടുത്തതും 60.8 കോടി രൂപ നിക്ഷേപിക്കാന്‍ തീരുമാനിച്ചതും ഏത് ബോര്‍ഡ് യോഗത്തിലാണെന്ന ചോദ്യത്തിന് ഇപ്പോഴും മറുപടിയില്ല.
എസ്.എഫ്.സി നിയമത്തിലെ 34-ാം വകുപ്പ് പ്രകാരം ബോര്‍ഡ് തീരുമാനിക്കുന്ന സെക്യൂരിറ്റികളില്‍ മാത്രമേ കെ.എഫ്.സിക്ക് നിക്ഷേപിക്കാനാകൂ. 2018 ഏപ്രില്‍ 19ന് കെ.എഫ്.സിയുടെ അസറ്റ് ലയബിളിറ്റി മാനേജ്മെന്‍റ് കമ്മറ്റി യോഗം ചേര്‍ന്ന് അംബാനിയുടെ റിലയന്‍സ് കൊമേഴ്ഷ്യല്‍ ഫിനാന്‍സ് ലിമിറ്റഡില്‍ 60.8 കോടി രൂപ നിക്ഷേപിക്കാന്‍ തീരുമാനിച്ചു. ഇതിന് കെ.എഫ്.സി ബോര്‍ഡ് യോഗം ചേര്‍ന്ന് അംഗീകാരം നല്‍കേണ്ടതായിരുന്നു. കെ.എഫ്.സി ബോര്‍ഡ് യോഗം ചേര്‍ന്നത് 2018 ജൂണില്‍. അതിന് മുമ്പ് ഏപ്രില്‍ 27ന് തന്നെ 60.8 കോടി രൂപയുടെ നിക്ഷേപം പൂര്‍ത്തിയാക്കിയിരുന്നു. ഈ നിയമലംഘനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളില്‍ പ്രധാനം. ഇതിന് കൃത്യമായ മറുപടി കെ.എഫ്.സി കഴിഞ്ഞ ദിവസം ഇറക്കിയ വിശദീകരണത്തിലില്ല.
2016 ജൂണ്‍ 28ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ കടപത്രത്തിലൂടെ 250 കോടി രൂപ സമാഹരിക്കാന്‍ തീരുമാനിച്ചു. ഇതിന് കെ.എഫ്.സിയുടെ ക്രഡിറ്റ് റേറ്റിങ് ഉയര്‍ത്തേണ്ടതുണ്ടായിരുന്നു. ക്രഡിറ്റ് റേറ്റിങ്ങ് ഉയര്‍ത്താന്‍ ഏജന്‍സികളുടെ ഉപദേശപ്രകാരം എഎ പ്ലസ് റേറ്റിങ്ങുള്ള റിലയന്‍സ് കൊമേഴ്ഷ്യല്‍ ഫൈനാന്‍സ് ലിമിറ്റഡില്‍ നിക്ഷേപം നടത്തുകയായിരുന്നുവെന്നാണ് കെ.എഫ്.സിയുടെ വിശദീകരണത്തില്‍ പറയുന്നത്. എന്നാല്‍ അനില്‍ അംബാനിയുടെ ആര്‍.സി.എഫ്.എല്‍ കമ്പനിയെ നിക്ഷേപത്തിന് തിരഞ്ഞെടുത്തത് എപ്പോള്‍...? ഇതിന് ബോര്‍ഡ് എപ്പോള്‍ അംഗീകാരം നല്‍കി...? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമേയില്ല. 2016 ജൂണിലോ 2017 ജൂലൈയിലോ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമെടുത്തതായി കെ.എഫ്.സി പറയുന്നില്ല. പിന്നെയോപ്പോള്‍....? ഈ ചോദ്യത്തിന് ഉത്തരമില്ലെങ്കില്‍ അംബാനി കമ്പനിയില്‍ നിക്ഷേപം നടത്തിയത് നിയമവിരുദ്ധമായിട്ടാണെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം ശരിവയ്ക്കപ്പെടും.