ഹണി റോസിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി രാഹുല്‍ ഈശ്വര്‍. വാക്കുകള്‍ക്ക് മിതത്വം വേണമെങ്കില്‍ വസ്ത്രധാരണത്തിനും മിതത്വം വേണം. ഹണിയുടെ വസ്ത്രങ്ങള്‍ ഇടയ്ക്കെങ്കിലും സഭ്യതയുടെ അതിര് ലംഘിക്കുന്നതാണ്. ബോബി ചെമ്മണൂര്‍ പറഞ്ഞത് ശരിയല്ലെന്ന് പറഞ്ഞ ആളാണ് താനെന്നും രാഹുല്‍ ഈശ്വരന്‍ വിശദീകരിച്ചു. ബോബി മാപ്പ് പറയണമെന്നും ആ മാപ്പ് ഹണി സ്വീകരിക്കണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
വസ്ത്രധാരണത്തെ കുറിച്ചുള്ള രാഹുല്‍ ഈശ്വറിന്‍റെ പരാമര്‍ശത്തിനെതിരെയാണ് ഹണി റോസ് രംഗത്തെത്തിയത്. ചര്‍ച്ചകളില്‍ സ്ത്രീകള്‍ ഉന്നയിക്കുന്ന വിഷയങ്ങളെ നിര്‍വീര്യമാക്കുന്നയാളാണ് രാഹുലെന്ന് ഹണി റോസ് വിമര്‍ശിച്ചു. ഭാഷയിലുള്ള നിയന്ത്രണം, രാഹുലിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല. രാഹുല്‍ പൂജാരിയായാല്‍ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് ഡ്രസ് കോഡ് ഉണ്ടാക്കും. സ്ത്രീകളെ ഏത് വേഷത്തില്‍ കണ്ടാലാണ് രാഹുലിന്‍റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോയെന്നും ഹണി റോസ് പരിഹസിച്ചു. ഇന്നലെ മനോരമ ന്യൂസ് കൗണ്ടര്‍പോയിന്റിലായിരുന്നു ഹണി റോസിന്‍റെ വസ്ത്രധാരണത്തെ കുറിച്ചുള്ള രാഹുല്‍ ഈശ്വറിന്‍റെ പരാമര്‍ശം.
അതേസമയം, ലൈംഗിക അധിക്ഷേപ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ അല്‍പസമയത്തിനകം കോടതിയിൽ ഹാജരാക്കും. നടിയുടെ രഹസ്യമൊഴിയുടെ പകർപ്പും അന്വേഷണ സംഘം ഇന്ന് കോടതിയിൽ ആവശ്യപ്പെടും. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനാൽ ബോബിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് പോലീസ് ചോദ്യം ചെയ്യലിൽ ബോബി ആവർത്തിച്ച് പറഞ്ഞു. പരാമർശങ്ങൾ ദുരുദ്ദേശപരമായിരുന്നില്ല. അഭിമുഖങ്ങളിൽ അടക്കം പങ്കുവച്ചത് പുരാണത്തിലെ കാര്യങ്ങളാണെന്നും, അശ്ലീല പദപ്രയോഗങ്ങൾ തെറ്റിദ്ധാരണ മാത്രമെന്നും ചോദ്യംചെയ്യലിൽ ബോബി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ കുറ്റബോധം ഇല്ലെന്നും ദ്വയാർത്ഥ പ്രയോഗം മാത്രമാണ് തനിക്കെതിരായ പരാതിയെന്നുമാണ് ബോബി ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബോബിയെ ഇന്ന് പുലര്‍ച്ചെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് എറണാകുളം സെന്‍ട്രല്‍ എസിപി. സി. ജയകുമാര്‍ പറഞ്ഞു. ബോബിക്കെതിരെ ഡിജിറ്റല്‍ തെളിവുകളടക്കം ഉണ്ടെന്നും എസിപി വ്യക്തമാക്കി.