മലയാളിയുടെ ഭാവഗായകൻ പി.ജയചന്ദ്രന് നാടിന്‍റെ അന്ത്യാഞ്ജലി. തൃശൂർ പൂങ്കുന്നത്തെ വീട്ടിലും റീജനൽ തിയറ്ററിലും അന്തിമോപചാരം അർപ്പിക്കാൻ ജനമൊഴുകി. 

പാട്ടിന്‍റെ പാലാഴി തീർത്ത ഭാവഗായകനെ അവസാനമായി ഒരു നോക്കു കാണാൻ തൃശൂരിലേയ്ക്കു ജനപ്രവാഹമായിരുന്നു. ചലച്ചിത്ര സംഗീത ലോകത്ത് ഒന്നിച്ചു പ്രവർത്തിച്ചവർ തൊട്ട് പാട്ടിനെ നെഞ്ചിലേറ്റിയവർ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. പ്രിയപ്പെട്ട ഗായകന് ആദരാഞ്ജലി അർപ്പിക്കാൻ മലയാള ചലച്ചിത്ര മേഖലയിലെ സംവിധായകരുടെ നീണ്ട നിര വന്നു. സത്യൻ അന്തിക്കാട് , സിബി മലയിൽ, ജയരാജ് , കമൽ,  തുടങ്ങിയവർ. 

നടൻമാരായ മമ്മൂട്ടി, ബിജു മേനോൻ,  മനോജ് കെ ജയൻ തുടങ്ങിയവരും അന്തിമോപചാരം അർപ്പിക്കാനെത്തി. സംഗീത സംവിധായകരായ ഔസേപ്പച്ചൻ, വിദ്യാധരൻ മാസ്റ്റർ, എം. ജയചന്ദ്രൻ തുടങ്ങി ചലച്ചിത്ര സംഗീത ലോകത്തെ പ്രതിഭകൾ പ്രിയ ഗായകന് യാത്രാമൊഴി നൽകി. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ കെ.രാജൻ, എ.കെ. ശശീന്ദ്രൻ, ആർ. ബിന്ദു തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. നാളെ രാവിലെ എട്ടു മണി വരെ തൃശൂർ പൂങ്കുന്നത്തെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. ഇതിനു ശേഷം പറവൂർ ചേന്നമംഗലത്തെ പാലിയം തറവാട്ടു വസതിയിൽ എത്തിക്കും. നാളെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.

ENGLISH SUMMARY:

Farewell to beloved singer P Jayachandran