മാമി (വലത്)

മാമി (വലത്)

  • രജിത്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു
  • കേസെടുത്ത് നടക്കാവ് പൊലീസ്
  • മാമിയെ കാണാതായത് 2023 ഓഗസ്റ്റ് 21ന്

കോഴിക്കോട് നിന്നും കാണാതായ വ്യവസായി മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ദുരൂഹതയേറുന്നു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെ മാമിയുടെ ഡ്രൈവര്‍ എലത്തൂര്‍ സ്വദേശി രജിത്കുമാറിനെയും ഭാര്യ തുഷാരയെയും കാണാതായി. ഇന്നലെ മുതലാണ് രജിത്തിനെയും ഭാര്യയെയും കാണാതായത്. ഇവര്‍ നഗരത്തിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

 

അതേസമയം, ക്രൈംബ്രാഞ്ചിന്‍റെ ഭാഗത്ത് നിന്നും രജിത്തിന് മാനസിക പീഡനം നേരിട്ടതായി ബന്ധുക്കള്‍ ആരോപിച്ചു. നിരന്തരം ചോദ്യം ചെയ്യാന്‍ വിളിച്ചപ്പത് രജിത്തിനെ കടുത്ത മാനസിക സമ്മര്‍ദത്തിലാക്കി.പ്രതിയോടെന്ന പോലെയാണ് ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്നും ബന്ധുക്കള്‍ മനോരമന്യൂസിനോട് വെളിപ്പെടുത്തി.

2023 ഓഗസ്റ്റ് 21ന് രാത്രി ഏഴുമണിക്ക് അരയിടത്തുപാലം ഓഫിസില്‍ നിന്ന് വീട്ടിലേക്ക് പോവാനായി ഇറങ്ങിയതാണ് മുഹമ്മദ് ആട്ടൂര്‍ എന്ന മാമി. ഇതിനിടെ എത്താന്‍ വൈകുമെന്ന് ഭാര്യയുടെ ഫോണിലേക്ക് മെസേജ് അയച്ചു. പിന്നീട് ഒരു വിവരവുമില്ല. ഇതോടെ പൊലീസിലും പിന്നീട് മുഖ്യമന്ത്രിക്കും ആക്ഷന്‍ കമ്മിറ്റി പരാതി നല്‍കുകയായിരുന്നു. മാമിയെ ആരോ തട്ടികൊണ്ടുപോയതാണെന്നാണ് ഇപ്പോഴും കുടുംബം കരുതുന്നത്. 

റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ കൂടിയായിരുന്ന മാമിയുമായി ബന്ധമുള്ളവരെയെല്ലാം ക്രൈംബ്രാഞ്ച് നേരത്തെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നും മാമിയുമായി അടുത്ത ബന്ധമുള്ളയാളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ENGLISH SUMMARY:

The disappearance of Mami, a businessman who went missing from Kozhikode, is becoming increasingly mysterious. After being interrogated by the crime branch, Mami's driver, Rajith Kumar, and his wife, Tushara, also went missing. Rajith and his wife have been untraceable since yesterday