മലയാളത്തിന്‍റെ ഭാവഗായകന്‍ പി. ജയചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്. മൃതദേഹം പൂങ്കുന്നത്തെ വീട്ടിലെത്തിച്ചു.നിരവധിപ്പോരാണ് പ്രിയഗായകനെ അവസാനമായി ഒന്നുകാണാന്‍ പൂങ്കുന്നത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സംഗീത അക്കാദമി റീജനല്‍ തിയറ്ററിലും പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. നാളെ ഉച്ചയ്ക്ക്ഷം ശേഷം മൂന്നിന് പറവൂര്‍ ചേന്ദമംഗലത്താണ് സംസ്കാരം. പ്രിയപ്പെട്ട ഗായകന്‍റെ വിയോഗത്തില്‍ വേദനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുഃഖത്തില്‍ കുടുംബത്തിനും ആരാധകര്‍ക്കുമൊപ്പമെന്നും അദ്ദേഹം അറിയിച്ചു. വിശാലവികാരങ്ങള്‍ പകരുന്ന ഇതിഹാസ ശബ്ദത്താല്‍ അനുഗ്രഹീതനായിരുന്നു ജയചന്ദ്രനെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്നലെ വൈകുന്നേരത്തോടെയാണ് അദ്ദേഹത്തിന്‍റെ വിയോഗമുണ്ടായത്. അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു. മലയാളം ,തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളില്‍ പാടിയിട്ടുണ്ട്. പ്രണയഗാനങ്ങള്‍ക്ക് ഭാവസൗന്ദര്യം പകര്‍ന്ന പി.ജയചന്ദ്രന്‍റെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, അനുരാഗഗാനം പോലെ, രാജീവനയനേ നീയുറങ്ങൂ, രാസാത്തി ഉന്നെ കാണാതെ നെഞ്ചം , പ്രായം നമ്മില്‍ മോഹം നല്‍കി, നിന്‍ മണിയറയിലെ, മറന്നിട്ടുമെന്തിനോ, ഹര്‍ഷബാഷ്പം തൂകി, കാട്ടുകുറിഞ്ഞി പൂവും ചൂടി, ഉപാസന, കരിമുകില്‍ കാട്ടിലെ, തുടങ്ങിയ ഗാനങ്ങള്‍ കാല– ഭാഷഭേദമന്യേ ആസ്വാദകര്‍ ഹൃദയത്തിലേറ്റിയവയാണ്.

1985ല്‍ ശ്രീനാരായണ ഗുരുവിലെ ഗാനത്തിന് പി.ജയചന്ദ്രന്‍ ദേശീയപുരസ്കാരം നേടി. നാല് തവണ തമിഴ്നാട് സര്‍ക്കാര്‍ പുരസ്കാരവും ജെസി ഡാനിയല്‍ അവാര്‍ഡും ലഭിച്ചു. 1944 മാർച്ച് 3ന് കൊച്ചി രവിപുരത്ത് ജനിച്ച പി.ജയചന്ദ്രന്‍റെ പിന്നീടുള്ള ജീവിതം തൃശൂര്‍ ഇരിങ്ങാലക്കുടയിലായിരുന്നു.