തിരുവനന്തപുരം മടവൂരില്‍ രണ്ടാം ക്ലാസുകാരി കൃഷ്ണേന്ദു മരിച്ചത് സ്വന്തം വീടിന് മുന്‍പില്‍. സ്‌കൂളില്‍നിന്നു വീട്ടിലേക്കു വന്ന അതേ ബസിന്റെ അടിയില്‍പെട്ടാണ് കുരുന്ന് ജീവന്‍ പൊലിഞ്ഞത്. ബസിന്‍റെ പിന്‍ചക്രം ഏഴുവയസുകാരിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. കുട്ടി തല്‍ക്ഷണം മരിച്ചു.
മടവൂര്‍ മഹാദേവക്ഷേത്രം ചാലില്‍ റോഡില്‍ വൈകിട്ട് 4.15നായിരുന്നു അപകടം. വീടിനു സമീപം ബസ് നിര്‍ത്തി കുട്ടിയെ ഇറക്കിയ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടമുണ്ടായത്. മുന്നോട്ടു നടന്ന കുട്ടി റോഡിന്റെ അരികിലുണ്ടായിരുന്ന കേബിളില്‍ കാൽ കുരുങ്ങി ബസിന്റെ മുന്നിലേക്കു വീഴുകയായും ബസിന്‍റെ ചക്രങ്ങള്‍ കുട്ടിയുടെ ശരീരത്തിലൂടെ കയറിയിങ്ങുകയുമായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ മടവൂര്‍ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്കൂള്‍ ബസിന് തൊട്ടുപിന്നാലെ ഓട്ടോയിലെ ഡ്രൈവറുടെ കണ്‍മുന്നിലായിരുന്നു അപകടം. കുട്ടി കേബിളില്‍ തട്ടി വീഴുകയായിരുന്നുവെന്ന് ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
മടവൂര്‍ ഗവ.എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച കൃഷ്ണേന്ദു. മടവൂര്‍ എംഎസ് ഭവനില്‍ മണികണ്ഠന്റെയും ശരണ്യയുടെയും മകളാണ്. കെഎസ്ആര്‍ടിസി കിളിമാനൂര്‍ ഡിപ്പോയിലെ എംപാനല്‍ ഡ്രൈവറാണ് പിതാവ് മണികണ്ഠന്‍. മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.