ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവ് പുറത്ത്. ബോഡിഷെയ്മിങ് സമൂഹത്തിന് സ്വീകാര്യമല്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. കറുത്തത്, തടിച്ചത്, മെലിഞ്ഞത് തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും അഭിപ്രായം പറയുമ്പോള്‍ ജാഗ്രത വേണം.
ബോബി ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരാമര്‍ശം ദ്വയാര്‍ഥ പ്രയോഗമെന്ന് ഏതൊരു മലയാളിക്കും മനസിലാകും.
സ്ത്രീയെ രൂപം നോക്കി വിലയിരുത്തിയാല്‍, അത് അവളെയല്ല നിങ്ങളെ നിര്‍വചിക്കുന്നുവെന്നും മോട്ടിവേഷന്‍ സ്പീക്കര്‍ സ്റ്റീവ് മാറബോളിയുടെ വാക്കുകള്‍ കടമെടുത്ത് കോടതി പറഞ്ഞു.
ബോബി ചെമ്മണ്ണൂർ പുറത്തേക്ക്
അഞ്ചുദിവസത്തെ ജയിൽവാസത്തിനുശേഷം ലൈംഗികാതിക്രമ കേസിൽ ബോബി ചെമ്മണ്ണൂർ പുറത്തേക്ക്. നടി ഹണി റോസിന്റെ പരാതിയിലെടുത്ത കേസിൽ ഹൈക്കോടതി ബോബിക്ക് ജാമ്യം അനുവദിച്ചു. കുന്തിദേവി പരാമർശം ദ്വയാർഥമെന്ന് വിലയിരുത്തിയ കോടതി ജാമ്യാപേക്ഷയിലെ സ്ത്രീവിരുദ്ധതയെയും രൂക്ഷമായി വിമർശിച്ചു.
Read Also: ലൈംഗികാതിക്രമക്കേസ്; ബോബി ചെമ്മണ്ണൂരിന് ജാമ്യം
തുടക്കം മുതൽ ഒടുക്കം വരെ നിർത്തിപ്പൊരിച്ച ശേഷമാണ് ലൈംഗികാതിക്രമക്കേസിൽ ബോബി ചെമ്മണ്ണൂരിന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിച്ചത്. ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ വാസ്തവ വിരുദ്ധമാണെന്നും, കുന്തിദേവി എന്നത് ദ്വയാർഥ പ്രയോഗം അല്ലെന്നുമായിരുന്നു ബോബിയുടെ വാദം. എന്നാൽ ദ്വയാർഥം ഇല്ല എന്ന് പറയാൻ പറ്റില്ലെന്ന് കോടതി വ്യക്തമാക്കി. ബോബി നൽകിയ അഭിമുഖങ്ങളും പ്രസ്താവനകളും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇത് കേട്ടാൽ ദ്വയാർഥമാണെന്ന് മലയാളികൾക്ക് മനസിലാകുമല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷയിലെ പരാമർശങ്ങൾക്കെതിരെയും വിമർശനം ഉണ്ടായി. ഹണി റോസിന് അസാമാന്യ മികവ് ഒന്നുമില്ലെന്ന വാചകം എന്തിനെന്ന് ചോദിച്ച കോടതി, പരാമർശം അധിക്ഷേപമെന്ന് വിലയിരുത്തി. എന്തിനാണ് മറ്റുള്ളവരുടെ വക്കാലത്ത് എടുക്കുന്നതെന്നും ബോബിയോട് കോടതി ചോദിച്ചു. വടക്കുമുതല്‍ തെക്കുവരെ ഓടി തുടങ്ങിയ കാര്യങ്ങളൊക്കെ ജാമ്യാപേക്ഷയില്‍ ഉണ്ടല്ലോയെന്നും കോടതി പരിഹസിച്ചു. ബോബി കയ്യിൽ പിടിച്ച് കറക്കിയപ്പോൾ ഹണി റോസ് എതിര്‍പ്പ് പറഞ്ഞില്ല തുടങ്ങിയ പ്രതിഭാഗത്തിന്റെ വാദത്തിനോട്, അത് അവരുടെ മാന്യത കൊണ്ടാണെന്നാണ് കോടതി പറഞ്ഞത്.
റിമാൻഡ് തുടരണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും, എന്തിനാണ് ഇനിയും അതിന്റെ ആവശ്യമെന്ന് കോടതി ചോദിച്ചു. പൊലിസ് കസ്റ്റഡി പോലും ചോദിച്ചിട്ടില്ല. സമൂഹത്തിന് സന്ദേശമാകണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞപ്പോൾ, അത് ഇതിനകം തന്നെ സമൂഹം മനസിലായിക്കഴിഞ്ഞെന്ന് കോടതി പറഞ്ഞു. ഇത്തരം കാര്യങ്ങളൊക്കെ പറയുന്നതിന്റെ പ്രത്യാഘാതം എന്തെന്ന് മനസിലാക്കണമെന്നും കോടതി. ബോബി ചെമ്മണ്ണൂർ ഇത്തരം പദപ്രയോഗങ്ങൾ ആവർത്തിക്കില്ലെന്ന് എങ്ങനെയാണ് പറയാൻ സാധിക്കുകയെന്ന കോടതിയുടെ ചോദ്യത്തിന്, സമൂഹ മാധ്യമങ്ങളുടെ കാര്യത്തിൽ താൻ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് അഭിഭാഷകൻ പ്രതികരിച്ചു. തുടർന്നാണ് ജാമ്യം അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയായാൽ ഇന്നുതന്നെ ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങും