tvm-corporation

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ പ്രമുഖരെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്. കെ.എസ്.ശബരിനാഥന്‍, ടി.ശരത്ചന്ദ്ര പ്രസാദ്, വി.എസ്.ശിവകുമാ‍ര്‍ തുടങ്ങിയ പേരുകളാണ് ചര്‍ച്ചകളില്‍ സജീവം. ഒരു വാ‍ര്‍ഡില്‍ ഒരു പേര് മാത്രം നി‍ര്‍ദേശിക്കുന്ന സ്ഥാനാ‍ര്‍ഥിപ്പട്ടിക തയാറാക്കാനും ഡി.സി.സി കോ‍ര്‍ കമ്മിറ്റി തീരുമാനിച്ചു. 

മുഖമില്ലാതെ തിരുവനന്തപുരം കോ‍ര്‍പ്പറേഷനിലേക്ക് മത്സരിച്ചിട്ട് കാര്യമില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. മേയര്‍ സ്ഥാനത്തേക്ക് മുഖം ഉയര്‍ത്തിക്കാണിച്ച് മത്സരിക്കുന്ന രീതി ഇല്ലെങ്കിലും കണ്ടാല്‍ നാലാള്‍ അറിയുന്നവരെ ഇറക്കി കളം പിടിക്കണമെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ച‍ര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഡി.സി.സി കോ‍ര്‍കമ്മിറ്റിയില്‍ ഉയര്‍ന്ന വികാരം. 

മുന്‍ എം.എല്‍.എമാരെയും യുവമുഖങ്ങളെയും ഇറക്കണമെന്നാണ് യോഗത്തില്‍ സംസാരിച്ച ശശി തരൂ‍ര്‍ ഉള്‍പ്പെടെ നേതാക്കള്‍ അഭിപ്രായപ്പെട്ടത്. തലസ്ഥാനത്ത് തന്നെ സ്ഥിരതാമസമാക്കിയിട്ടുള്ള മുന്‍ എം.എല്‍.എമാരായ കെ.എസ്.ശബരിനാഥന്‍, ടി.ശരത് ചന്ദ്രപ്രസാദ്, മുന്‍ മന്ത്രി വി.എസ്.ശിവകുമാ‍ര്‍ തുടങ്ങിയവരെ പരിഗണിക്കണമെന്ന പ്രവ‍ര്‍ത്തകരുടെ വികാരമാണ് യോഗത്തില്‍ പ്രതിഫലിച്ചതെന്ന് നേതാക്കള്‍ സമ്മതിക്കുന്നു. 

ശബരിയെ പോലെയുള്ള യുവമുഖത്തെ മേയറായി ഉയര്‍ത്തിക്കാണിച്ച് ഇറങ്ങണമെന്ന അഭിപ്രായം താഴെത്തട്ടിലും സജീവമാണ്. ഇല്ലെങ്കില്‍ പോരാട്ടച്ചിത്രത്തില്‍ സി.പി.എമ്മും ബി.ജെ.പിയും മാത്രമാകുമെന്നും നേതൃത്വം വിലയിരുത്തുന്നു. 2010ല്‍ 40 സീറ്റുണ്ടായിരുന്ന യു.ഡി.എഫ് 2015ല്‍ 21 സീറ്റിലേക്ക് ചുരുങ്ങിയിരുന്നു. 

ഒടുവില്‍ നടന്ന 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കാല്‍ചുവട്ടിലെ മണ്ണ് മുഴുവന്‍ ഒലിച്ചുപോയെന്ന് വ്യക്തമാക്കുന്ന ഫലം വന്നു. യു.ഡി.എഫ് പത്തുസീറ്റിലൊതുങ്ങി. അതില്‍ കോണ്‍ഗ്രസിന്റെ അംഗബലം വെറും എട്ട് സീറ്റ്.  തദ്ദേശ തിരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചാല്‍ തലസ്ഥാനനഗരത്തെ തലോടുന്ന തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം, കോവളം മണ്ഡലങ്ങളില്‍ അതിന്റെ ഗുണമുണ്ടാകുമെന്നും പാ‍ര്‍ട്ടി കണക്കാക്കുന്നു.

ENGLISH SUMMARY:

Congress plans to field prominent figures to win Thiruvananthapuram Corporation