കേരളാ പൊലീസിലെ പുതിയ ഡ്രൈവർന്മാർ ചില്ലറക്കാരല്ല. ബി ടെക്ക്, എം ടെക്ക് എം.ബി.എ യോഗ്യതയുള്ളവരുമുണ്ട് കൂട്ടത്തിൽ. തൃശൂരിൽ പരിശീലനം പൂർത്തിയാക്കി ഇറങ്ങിയ കോൺസ്റ്റബിൾ ഡ്രൈവർന്മാരുടെ വിദ്യഭ്യാസ യോഗ്യത ഇങ്ങനെയൊക്കെയാണ്
150 പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർമാരാണ് ഇന്ന് കേരള പൊലീസിന്റെ ഭാഗമായത്. ഇവരിൽ ഭൂരിഭാഗം പേരും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. രണ്ട് എം ടെക്ക് കാരും 16 ബിട്ടെക്കുകാരുമുണ്ട് കൂട്ടത്തിൽ. കൂടാതെ എം.ബി.എ പൂർത്തിയാക്കിയ രണ്ടു പേരും ബിരുധാനന്തര ബിരുധം നേടിയ അഞ്ച് പേരുമുണ്ട്. ഇവയ്ക്കു പുറമേ ബിരുദധാരികളായ 62 പേരും. തൃശൂർ രാമവർമ്മ പുരം പൊലീസ് അക്കാദമി ഗ്രൗണ്ടിൽ നടന്ന പരേഡിൽ ഡി.ജി.പി. ഷെയ്ക്ക് ദർവേഷ് സാഹിബ് സല്യൂട്ട് സ്വീകരിച്ചു. ഡ്രൈവർ എന്നത് പൊലീസ് ഡിപ്പാർട്ടുമെന്റിലെ പ്രധാനപ്പെട്ട ഘടകം ആണെന്നും കേരള ജനതയ്ക്ക് നല്ല സേവനം നൽകാനുള്ള മനസ്സ് ഉണ്ടാക്കണമെന്നും ഡി.ജി.പി. പറഞ്ഞു.
രാവിലെ 8.30 നായിരുന്നു പാസിങ്ങ് ഔട്ട് പരേഡ്. 2021 മുതൽ നിലവിലുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ സംസ്ഥാനതല റാങ്ക് ലിസ്റ്റിൽ തസ്തിക സൃഷ്ടിക്കലിന്റെ ഭാഗമായുള്ള നിയമനം നടത്തിയിരുന്നു. ഇങ്ങനെ നിയമനം നേടിയ 150 പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർമാരാണ് ഇന്ന് പുറത്തിറങ്ങിയത്.