നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും നീളം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗമായിരുന്നു കഴിഞ്ഞ തവണ. സർക്കാറുമായി പോരടിച്ചു നിന്ന ആരിഫ് മുഹമ്മദ് ഖാൻ ഒരു മിനിട്ട് 17 സെക്കൻറിൽ പ്രസംഗം തീര്‍ത്തു. . പുതിയ ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തുടക്കത്തിൽ സൗഹൃദത്തിന്‍റെയും സൗമനസ്യത്തിന്‍റെയും നയമാണ് സ്വീകരിച്ചിരിക്കുന്നത്. നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരട് മാറ്റങ്ങളില്ലാതെ അംഗീകരിച്ചു.
ഗവര്‍ണര്‍ വലിയ പ്രശ്നം ഉണ്ടാക്കില്ലെങ്കിലും പ്രതിപക്ഷം സര്‍ക്കാരിനെ വിടാതെ പിടികൂടും. വനനിയമഭേദഗതി പ്രധാന ചര്‍ച്ചാ വിഷയമാകും. ഭേദഗതി ബിൽ സഭാ സമ്മേളനത്തിലില്ലെങ്കിലും പ്രശ്നം സഭയിൽ വന്‍വിമര്‍ശനത്തിന് വഴിവെക്കും. പത്തനംതിട്ട പീഡനം, നവീൻ ബാബുവിൻറെ മരണം ,പെരിയ ഇരട്ടക്കൊല, മാസപ്പടി എല്ലാം ഉയര്‍ന്നുവരും, ഒപ്പം അന്‍വറിന്‍റെ പരസ്യപ്രതികരണങ്ങളും.
പാലക്കാട് ജയത്തിന്‍റെ കരുത്തിലാണ് പ്രതിപക്ഷമെങ്കിൽ ചേലക്കര നിലനിർത്തിയതിൻറെ ആശ്വാസം ആത്മവിശ്വാസമായി അവതരിപ്പിക്കും ഭരണപക്ഷം. തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ കളമൊരുക്കവും സഭാ സമ്മേളത്തില്‍ കാണാനാവും. ഏഴാം തീയതിയാണ് ബജറ്റ്.