മലപ്പുറം കൊണ്ടോട്ടിയില്‍ അവഹേളനത്തിന്‍റെ പേരില്‍ നവവധു ജീവനൊടുക്കിയ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ബന്ധുക്കള്‍. ഭര്‍തൃവീട്ടുകാര്‍ ഷഹാനയെ ക്രൂരമായി അപമാനിച്ചുവെന്നും വിവാഹം കഴിഞ്ഞിട്ട് 20 ദിവസമല്ലേ ആയുള്ളൂ, ഒഴിഞ്ഞു പൊയ്ക്കൂടെ എന്നുമായിരുന്നു ഭര്‍തൃമാതാവിന്‍റെ ചോദ്യമെന്ന് ഷഹാനയുടെ അമ്മാവന്‍ പറയുന്നു. എന്തിനിങ്ങനെ കെട്ടിത്തൂങ്ങുന്നു ഒഴിഞ്ഞു പൊയ്ക്കൂടേ എന്ന് അധിക്ഷേപിച്ചപ്പോള്‍ അവരുടെ കാലില്‍ ഷഹാന കെട്ടിപ്പിടിച്ച് കരഞ്ഞുവെന്നും ഒരു ആശ്വാസ വാക്ക് പറയാന്‍ പോലും ഭര്‍ത്താവിന്‍റെ അമ്മ തയ്യാറായില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ബിരുദ വിദ്യാര്‍ഥിനിയായ ഷഹാനയുടെ ബുദ്ധിമുട്ട് സഹപാഠികള്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഇന്ന് പൊലീസിന് പരാതി നല്‍കുമെന്നും ഷഹാനയുടെ അമ്മാവന്‍ മനോരമന്യൂസിനോട് പറഞ്ഞു. 

നിറത്തിന്‍റെ പേരിലും ഇംഗ്ലീഷ് അറിയില്ലെന്ന് ആരോപിച്ചുമായിരുന്നു ഷഹാന മുംതാസെന്ന പെണ്‍കുട്ടിയെ ഭര്‍ത്താവ് അബ്ദുല്‍ വാഹിദും വീട്ടുകാരും അപമാനിച്ചത്. അബ്ദുല്‍ വാഹിദ് വിവാഹമോചവും ആവശ്യപ്പെട്ടുവെന്നും ഷഹാനയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഷഹാനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. ഇന്ന് കബറടക്കും. 

ENGLISH SUMMARY:

You two lived together for only 20 days. Won't you find another husband?" asked Shahana's mother-in-law, reveals Shahana's uncle.