uma-thomas-video-call

നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്നു വീണു പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. എം.എല്‍.എയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കുന്ന മന്ത്രി ആര്‍.ബിന്ദുവിന്‍റെ വിഡിയോ പങ്കുവെച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഹപ്രവര്‍ത്തകരുടെ കുടുംബവിശേഷങ്ങള്‍ അന്വേഷിക്കുന്ന എം.എല്‍.എയെയും ആരോഗ്യനിലയെക്കുറിച്ച് തിരക്കുന്നവരെയും വിഡിയോയില്‍ കാണാം. ഔദ്യോഗികമായ കാര്യങ്ങളെക്കുറിച്ചും എം.എല്‍.എ അന്വേഷിക്കുന്നുണ്ട്. ഒരു മാസത്തേക്ക് നന്നായി ശ്രദ്ധിക്കണമെന്നാണ് ഡോക്ടറുടെ നിര്‍ദേശമെന്നും ഉമാ തോമസ് പറയുന്നു. 

'ഇപ്പൊ കുറച്ചു ആശ്വാസമുണ്ടെന്നും വരുന്ന അസംബ്ലി സെഷനിൽ ചിലപ്പോ ഉണ്ടാവില്ലെന്നും മിനിസ്റ്റർ വന്നതിൽ സന്തോഷം' എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി R. ബിന്ദു, തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ ശ്രീമതി രാധാമണി പിള്ള, മറ്റ് പ്രിയപ്പെട്ട സഹപ്രവർത്തകർ എന്നിവര്‍ ഉമാ തോമസുമായി ഹോസ്പിറ്റൽ മുറിയിൽ നിന്നും നടത്തിയ വീഡിയോ കോളിന്‍റെ ദൃശ്യങ്ങള്‍ എംഎൽഎയുടെ സമൂഹമാധ്യമ ടീമാണ് ഔദ്യോഗിക പേജിൽ പങ്കുവച്ചത്. 

ഉമ തോമസ് എം.എൽ.എയ്ക്ക് ഗുരുതരമായി പരുക്കേറ്റ കലൂർ സ്റ്റേഡിയത്തിലെ വിവാദ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട്, ഉദ്യോഗസ്ഥർക്കെതിരെ ജി.സി.ഡി.എ എടുത്ത നടപടിയിലും തട്ടിപ്പ് കണ്ടെത്തിയിരുന്നു. അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ സസ്പെൻഷൻ ജി.സി.ഡി.എ നടപ്പാക്കിയില്ല. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ എൻജിനിയറെ സസ്പെൻഡ് ചെയ്യാൻ ജനുവരി നാലിന് ചേർന്ന ജി.സി.ഡി.എ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു. എന്നാൽ അസി. എക്സി. എൻജിനിയർ കഴിഞ്ഞദിവസം വരെ ജോലിക്കെത്തി ഒപ്പിട്ടു. അറ്റൻഡൻസ് രജിസ്റ്ററിന്‍റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. അതേസമയം, മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ അസിസ്റ്റൻ്റ് എക്സി. എൻജിനിയറുടെ സസ്പെൻഷൻ ഉത്തരവിറക്കി ജി.സി.ഡി.എയുടെ നടപടിയെത്തി.

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയർക്കെതിരെയുള്ള നടപടി മറന്ന ജി.സി.ഡി.എ നൃത്ത പരിപാടിയ്ക്ക് അനുമതി നൽകരുതെന്ന് പറഞ്ഞ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. അതേസമയം അലോട്ട്മെൻ്റ് ഫയൽ രേഖകളുടെ കളർ കോപ്പി മാധ്യമങ്ങളിൽ വന്നു എന്ന കാരണം പറഞ്ഞ് എസ്റ്റേറ്റ് ഓഫീസർ, സൂപ്രണ്ടൻ്റ്, സീനിയർ ക്ലാർക്ക് എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

ENGLISH SUMMARY:

Significant improvement in the health condition of MLA Uma Thomas.